15 October Tuesday

ഉരുൾപൊട്ടൽ പുനരധിവാസ 
സർവേയിൽ ആശങ്ക

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2024

സർവകക്ഷി യോഗത്തിൽ കലക്ടർ ഡി ആർ മേഘശ്രീ സംസാരിക്കുന്നു

 

കൽപ്പറ്റ
മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള സർവേയിൽ ആശങ്ക. ഡോ. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്‌ധസംഘം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ഗുണഭോക്തൃ കുടുംബങ്ങളെ കണ്ടെത്തുകയെന്ന ആശങ്ക പരന്നത്‌ പ്രദേശവാസികളുടെ  പ്രതിഷേധത്തിനിടയാക്കി. 
സർവേയ്‌ക്കായി തിങ്കൾ രാവിലെ മേപ്പാടി പഞ്ചായത്തിൽ എത്തിയ ഉദ്യോഗസ്ഥരെ പ്രദേശവാസികൾ തടഞ്ഞു. ദുരന്തബാധിത മേഖലയിൽ സുരക്ഷിതവും അല്ലാത്തതുമായ പ്രദേശങ്ങൾ നിർണയിച്ച ദൂരപരിധി അംഗീകരിക്കാനാകില്ലെന്ന്‌ ഇവർ പറഞ്ഞു. മുണ്ടക്കൈയിൽ ദുരന്തപ്രദേശത്തിന്റെ 50 മീറ്ററും  ചൂരൽമലയിൽ 30 മീറ്ററും കഴിഞ്ഞുള്ള ഭാഗം  സുരക്ഷിതമാണെന്ന റിപ്പോർട്ടിലെ പരാമർശത്തിലായിരുന്നു പ്രതിഷേധം. ഇതുപ്രകാരം സർവേ നടത്തിയാൽ ചില പ്രദേശങ്ങളിലുള്ളവർ പുനരധിവാസ പട്ടികയിൽ ഉൾപ്പെടില്ലെന്നും ദുരന്തബാധിതർ ചൂണ്ടിക്കാട്ടി. ഇതോടെ സർവേ നടപടികളിലേക്ക്‌ നീങ്ങാതെ ഉദ്യോഗസ്ഥർ മടങ്ങി. 
വൈകിട്ട്‌ കലക്ടർ ഡി ആർ മേഘശ്രീ സർവകക്ഷി യോഗം വിളിച്ച്‌  സർവേ താൽക്കാലികമായി നിർത്തിവച്ചതായി അറിയിച്ചു. പ്രദേശവാസികളുടെ  ആശങ്ക ദൂരീകരിക്കും. ഗുണഭോക്തൃ പട്ടിക തയ്യാറാക്കുമ്പോൾ മേഖലയിൽ വിതരണംചെയ്ത റേഷൻ കാർഡുകളുടെ പട്ടിക, കെഎസ്ഇബി ജിയോ റഫറൻസ് ഡാറ്റ, ഹരിതമിത്രം ആപ്  റഫറൻസ് ഡാറ്റ  തുടങ്ങിയവ പരിശോധിക്കും. ഗുണഭോക്തൃ പട്ടിക ജനകീയ സമിതിയിലും ഗ്രാമസഭയിലും അവതരിപ്പിച്ച് അർഹരായവരെ കണ്ടെത്തും. എല്ലാവർക്കും സുരക്ഷിത പുനരധിവാസം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും കലക്ടർ പറഞ്ഞു. 
   കൽപ്പറ്റ ആസൂത്രണ ഭവനിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബെന്നി ജോസഫ്, ഡെപ്യൂട്ടി കലക്ടർ (ചൂരൽമല ദുരന്തം സ്പെഷ്യൽ ഓഫീസർ) കെ അജീഷ്, മേപ്പാടി പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികൾ,  മുണ്ടക്കൈ–-- ചൂരുൽമല പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top