കൽപ്പറ്റ
ചുഴലിക്ക് സമീപം തൊറക്കോട് വയൽ പ്രദേശത്തും പരിസരങ്ങളിലും പുലിശല്യം രൂക്ഷം. ഒരു മാസത്തോളമായി നിരന്തരമായി പുലി പ്രദേശത്ത് എത്തുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഞായർ പുലർച്ചെ ശ്രീസദനം സുരേഷിന്റെ വീടിന്റെ മുമ്പിൽ പുലിയെത്തി. ഭാര്യ സിന്ധു വാതിൽ തുറന്ന് പുറത്തിറങ്ങാൻ നോക്കുന്ന സമയത്ത് ശബ്ദം കേട്ടാണ് ജനലിലൂടെ നോക്കിയത്. തെരുവുനായയെ ഓടിച്ചുവരുന്ന പുലിയെയാണ് കണ്ടത്. മുറ്റത്ത് നായയെ പിടിക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ പാടുകളുമുണ്ട്. നായയെ പുലി കടിച്ചുകൊണ്ടുപോയി. പ്രദേശവാസിയായ ബൈജുവിന്റെ വീടിന് സമീപത്തും തെരുവുനായയെ പുലി ആക്രമിച്ചു. കഴുത്തിന്റെ ഭാഗത്ത് മുറിവേറ്റ നായ അവശനിലയിൽ പ്രദേശത്ത് ചുറ്റിത്തിരിയുന്നുണ്ട്. രാത്രി ഒമ്പതോടെ തന്നെ പുലി പ്രദേശത്തെത്തുന്നതായി നാട്ടുകാർ പറഞ്ഞു. ജനവാസമേഖലയിൽ സ്ഥിരമായി പുലിയിറങ്ങാൻ തുടങ്ങിയതോടെ ജനങ്ങൾ ഭീതിയിലാണ്. നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണിത്. രാത്രിയിൽ ജോലി കഴിഞ്ഞ് കാൽനടയായി വീടുകളിലേക്ക് പോകുന്നവരുമുണ്ട്. രാവിലെ നടക്കാൻ പോകുന്നവരും പേടി കാരണം നിർത്തി. പുലി സാന്നിധ്യമുള്ള പ്രദേശത്തിന്റെ പരിസരം തോട്ടമാണ്. വനപാലകർ സ്ഥലത്ത് പരിശോധന നടത്തി. നരിക്കുണ്ട് ഉന്നതിയിലെ മുരളിയുടെ വീടിന് സമീപത്തെ കിണറിന്റെ അടുത്തുള്ള മരത്തിൽ രണ്ട് കാമറകളും സ്ഥാപിച്ചിട്ടുണ്ട്. വിവിധ ഇടങ്ങളിൽ കാൽപ്പാടുകളും കണ്ടെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..