മാനന്തവാടി/ പുൽപ്പള്ളി
എട്ടുമാസത്തെ ഇടവേളയ്‌ക്കുശേഷം ഇക്കോ ടൂറിസം കേന്ദ്രമായ കുറുവ ദ്വീപ് ചൊവ്വാഴ്ച തുറന്നു. പാക്കം ചെറിയമല കവാടത്തിലൂടെയും മാനന്തവാടി പാൽവെളിച്ചം വഴിയും സഞ്ചാരികളെ പ്രവേശിപ്പിച്ചു. രണ്ടിടത്തുമായി ആദ്യദിനം എത്തിയത് 132 സഞ്ചാരികൾ. പാക്കത്ത് 83 പേരും പാൽവെളിച്ചത്ത് 49 പേരും സന്ദർശകരായി. പ്രതികൂല കാലാവസ്ഥയും പാൽവെളിച്ചത്തെ അനിശ്ചിതത്വവുമെല്ലാം സഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ടാക്കി. 400 പേർക്കാണ് ഒരുദിവസം പ്രവേശനാനുമതി. ഇരുഭാഗത്തും 200 പേരെവീതം കടത്തിവിടും.
പാക്കത്ത് രാവിലെ 9.30 മുതൽ സഞ്ചാരികളെ പ്രവേശിപ്പിക്കാൻ തുടങ്ങിയെങ്കിലും പാൽവെളിച്ചത്ത് വൈകി. പകൽ 12.30 ഓടെയാണ് സഞ്ചാരികളെ കടത്തിവിട്ടത്. പ്രവേശനം വൈകുന്നതിൽ കർമസമിതിയുടെ നേതൃത്വത്തിൽ പ്രദേശവാസികളുടെ പ്രതിഷേധവുമുണ്ടായി.
ഇവിടെ ചങ്ങാടത്തിലൂടെ വേണം സഞ്ചാരികളെ ദ്വീപിലേക്ക് എത്തിക്കാൻ. നേരത്തെ ഡിടിപിസിയുടെ കീഴിൽ ഡിഎംസിയായിരുന്നു ചങ്ങാട സർവീസ് നടത്തിയിരുന്നത്. ഇതുകൂടി തങ്ങൾക്ക് അനുവദിക്കണമെന്ന നിലപാടിലായിരുന്നു വനം ഉദ്യോഗസ്ഥർ. എന്നാൽ ഡിടിപിസി തയ്യാറായില്ല. ചർച്ചകൾക്കൊടുവിൽ ഡിഎംസിയുടെ നേതൃത്വത്തിൽതന്നെ സന്ദർശകരെ പുഴകടത്തി ദ്വീപിലേക്ക് എത്തിക്കാൻ തീരുമാനിച്ചു. മന്ത്രി ഒ ആർ കേളുവാണ് നിലവിലെ സ്ഥിതി തുടരാൻ നിർദേശിച്ചത്.
പ്രവേശന നിരക്ക് മുതിർന്നവർക്ക് 220 രൂപയും കുട്ടികൾക്ക് 150 ഉം വിദേശികൾക്ക് 440 രൂപയുമായി വർധിപ്പിച്ചിട്ടുണ്ട്.
ചൊവ്വ എത്തിയ സഞ്ചാരികളിൽ ബംഗളൂരു, ഹൈദരാബാദ്, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു കൂടുതൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..