16 November Saturday

ചുങ്കം ടു- മൈതാനി റോഡ്‌ പള്ളിത്താഴെയിലെ 163 കുഴി

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

പള്ളിത്താഴെ റോഡിലെ കുഴികൾ

 

കൽപ്പറ്റ
പള്ളിത്താഴെ വഴി ചുങ്കം ജങ്‌ഷൻ മുതൽ മൈതാനിവരെ വണ്ടിയിൽ കയറിയാൽ 163 കുഴികളിൽ ചാടാം. നഗരസഭ റോഡുകളുടെ വികസനം ഒറ്റനോട്ടത്തിൽ അനുഭവിക്കണമെങ്കിൽ ഒരുകിലോമീറ്റർ റോഡിലൂടെ സഞ്ചരിച്ചാൽ മതി. നഗരത്തിലെ ഗതാഗതക്കുരുക്കിന്‌ പരിഹാരം കാണാൻ ഉപയോഗിക്കാവുന്ന കൽപ്പറ്റയുടെ ഹൃദയഭാഗത്തെ റോഡ്‌ പൂർണമായും തകർന്നിട്ട്‌ വർഷം പിന്നിടുന്നു. റോഡ്‌ പൊളിച്ച്‌ നിർമിക്കാനുള്ള കാലാവധി കഴിഞ്ഞിട്ടും ചുരുങ്ങിയത്‌ അറ്റകുറ്റപ്പണി നടത്താൻപോലും നഗരസഭാ അധികൃതർ തയ്യാറാകുന്നില്ല. അമ്പിലേരി, നെടുങ്ങോട്‌, മണിയങ്കോട്‌, പുളിയാർമല, തുർക്കി തുടങ്ങി നഗരസഭാ പരിധിയിലെ വിവിധ റോഡുകളുടെ അവസ്ഥയും ഇതുതന്നെ.
 മഴപെയ്‌താൽ കാൽനടയാത്രക്കാർക്ക്‌ വഴിനടക്കാൻ കഴിയാത്ത സ്ഥിതിയാണ്‌. കുഴികളിലെ വെള്ളക്കെട്ടിൽനിന്ന്‌ ചെളിതെറിച്ച്‌  നിൽക്കുന്നവർ പള്ളിത്താഴെയിലെ സ്ഥിരം കാഴ്‌ചയായി. ചരലുതിങ്ങിയ പടുകുഴികളായിമാറിയ ചാത്തോത്ത്‌ സ്മാരകമന്ദിരത്തിന്‌ സമീപത്തെ വളവിലും മലബാർ കോളേജിന്‌ മുമ്പിലും അപകടം പതിവാണ്‌. ഇരുചക്ര വാഹനയാത്രക്കാരിവിടെ സ്ഥിരം അപകടത്തിനിരയാകുന്നു. മഴമാറിയാൽ പൊടിശല്യവും രൂക്ഷം.
 ഫാത്തിമാ ആശുപത്രിക്ക്‌ താഴെയുള്ള പാലം പുതുക്കിപ്പണിതെങ്കിലും പാലത്തിലൂടെ പടിഞ്ഞാറത്തറ റോഡിലെത്താവുന്ന വഴിയും വീതിയില്ലാതെ കുണ്ടുംകുഴിയും നിറഞ്ഞുകിടക്കയാണ്‌. ചുങ്കം മുതൽ മൈതാനിവരെയും തുടർന്ന്‌ ഫാത്തിമാ ആശുപത്രി ജങ്ഷനിലേക്കുമുള്ള വഴി അടിയന്തരമായി വീതികൂട്ടി നന്നാക്കി നഗരത്തിലെ ഗതാഗതക്കുരുക്കിന്‌ പരിഹാരം കാണണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം. രാത്രി തെരുവുനായ്‌ക്കളുടെ ശല്യവും പള്ളിത്താഴെ റോഡിൽ രൂക്ഷമാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top