19 September Thursday

അതിജീവിച്ച ജനത ഒത്തുചേർന്നു ഓർമകളുടെ ആഘോഷത്തിൽ ചൂരൽമല

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024

നബിദിനത്തിന്റെ ഭാഗമായി പുത്തുമലയിൽ നടന്ന പ്രാർഥനാ സംഗമം.

 

ചൂരൽമല
ഉത്സവമേളങ്ങളോടെ മുണ്ടക്കൈയും ചൂരൽമലയും കൊണ്ടാടിയ ഓണവും ദഫിന്റെ മുഴക്കത്തിനൊപ്പം നാടാകെ കൂടിയ നബിദിനാഘോഷവും ഇത്തവണയുണ്ടായില്ല. ആഘോഷമില്ലെങ്കിലും തിരുവോണത്തിനും നബിദിനത്തിലും ദുരന്തത്തെ അതിജീവിച്ച ജനത സ്വന്തം നാട്ടിൽ ഒത്തുകൂടി. വിവിധ പ്രദേശങ്ങളിൽ വാടകവീടുകളിൽ കഴിയുന്നവർ മുണ്ടക്കൈയിലും ചൂരൽമലയിലുമെത്തി. 
തിരുവോണത്തിന്‌ പുത്തുമലയിലെ ശ്മശാനത്തിലെ കുഴിമാടങ്ങൾക്കു മുകളിൽ പൂക്കളർപ്പിക്കാനും നബിദിനത്തിൽ പ്രാർഥനാ സംഗമത്തിൽ പങ്കെടുക്കാനും സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ ദുരന്തബാധിതരായ നൂറുകണക്കിനുപേരെത്തി. ഉറ്റവരുടെ ഓർമകളിൽ വിങ്ങി. തിരച്ചറിയാത്തവരെ സംസ്‌കരിച്ച ഓരോ കുഴിമടങ്ങൾക്കരികിലും അവരെത്തി. തങ്ങളുടെ പ്രിയപ്പെട്ടവരും ഇവയിലേതെങ്കിലുമൊന്നിൽ ഉണ്ടാകുമെന്ന വിശ്വാസത്തിൽ പൂക്കളിട്ടു. പ്രാർഥനകളുരുവിട്ടു.  ദുരന്തത്തിൽ ജീവൻ വാരിപ്പിടിച്ചോടിയ പലരും ആദ്യമായാണ്‌ ഉരുളൊഴുകി, എല്ലാം നഷ്‌ടമായ ജീവിച്ച മണ്ണിലേക്ക്‌ തിരിച്ചെത്തിയത്‌. അഞ്ഞൂറിലധികംപേർ തിങ്കളാഴ്‌ച പുത്തുമലയിൽ നടന്ന പ്രാർഥനാ സംഗമത്തിൽ പങ്കെടുത്തു.   പ്രാർഥനാ സംഗമത്തിനുശേഷം മുണ്ടക്കൈയിൽ കഴിഞ്ഞവർഷം നബിദിനറാലി നടന്നയിടങ്ങളിലൂടെ വിതുമ്പൽ അടക്കിപ്പിടിച്ച്‌ നടന്നു. മുണ്ടക്കൈ പള്ളിയുടെ ഖബറിടത്തിലും പ്രാർഥനയുണ്ടായിരുന്നു.
മുമ്പ്‌ നബിദിന റാലി കടന്നുപോകുമ്പേൾ പതിവുതെറ്റിക്കാതെ മധുരം വിളമ്പിയിരുന്ന സുബ്രഹ്മണ്യൻ, പ്രമോദിനി, ശിവൻ തുടങ്ങിയവരെല്ലാം കാണാമറയത്താണ്‌. ഒരുകുടുംബംപോലെ കഴിഞ്ഞവർ  നഷ്‌ടമെല്ലാം ഉള്ളിലൊതുക്കാൻ ശ്രമിച്ച്‌ നാടിന്റെ അവശേഷിപ്പുകൾക്കരികിൽ നിന്നു.
ചൂരൽമല മുസ്ലിംപള്ളിയിലും പ്രത്യേക പ്രാർഥന നടന്നു. നെല്ലിമുണ്ട, ചൂരൽമല മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽ  ഭക്ഷണം ഒരുക്കിയിരുന്നു. ഞായറാഴ്‌ച ചൂരൽമല സെന്റ്‌ സെബാസ്‌റ്റ്യൻസ്‌ ദേവാലയത്തിൽ ഓണം ആഘോഷിച്ചു. ദുരന്തബാധിതരുൾപ്പെടെ അഞ്ഞൂറോളംപേർ പങ്കെടുത്തു.  നാട്ടിൽ ഓണാഘോഷത്തിന്‌ എല്ലാതവണയും ചുക്കാൻ പിടിച്ചിരുന്ന നവോദയ ക്ലബ്ബിന്റെ നേതൃത്വത്തിൽ തിരുവോണദിനത്തിൽ അനുശോചന യോഗവും ചേർന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top