19 September Thursday

പ്രതിസന്ധിയിൽ ഓഫ്‌ റോഡ്‌ ഡ്രൈവർമാർ തൊഴിൽ ബ്രേക്ക്‌ ഡൗണായി 2 മാസം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024

ഉരുൾപൊട്ടലിൽ മരിച്ച സഹപ്രവർത്തകർക്ക്‌ ആദരാഞ്ജലി അർപ്പിച്ച്‌ കള്ളാടിയിലെ ജീപ്പ്‌ സ്റ്റാൻഡിൽ സ്ഥാപിച്ച ബാനറിനരികിൽ തൊള്ളായിരം കണ്ടിയിലെ ജീപ്പ്‌ ഡ്രൈവർമാർ

 

ചൂരൽമല
വിനോദസഞ്ചാരക്കുതിപ്പിൽ ഉപജീവനം കണ്ടെത്തിയ തൊള്ളായിരംകണ്ടിയിലെ ജീപ്പ്‌ ഡ്രൈവർമാർ മുണ്ടക്കൈ ദുരന്തത്തിന്റെ അമ്പതാം ദിനത്തിലും  തൊഴിലില്ലാതെ പ്രതിസന്ധിയിൽ. ഉരുൾപൊട്ടലിനും ദിവസങ്ങൾക്കുമുമ്പ്‌ ജാഗ്രതാ നിർദേശത്തിന്റെ ഭാഗമായി  അവസാനിപ്പിച്ച ഓഫ്‌റോഡ്‌ സർവീസ്‌ പുനരാരംഭിക്കാനായില്ല. തൊഴിൽ ക്ലച്ചുപിടിച്ച്‌ വരുമ്പോഴേക്കും ബ്രേക്ക്‌ ഡൗണായി. 
ദുരന്തം ടൂറിസം മേഖലയിലുണ്ടാക്കിയ തിരിച്ചടി ഏറെ ബാധിച്ച പ്രദേശമാണ്‌  തൊള്ളായിരംകണ്ടി.  ഡ്രൈവർമാരും വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്ന  മറ്റുള്ളവരുമുൾപ്പെടെ അറുനൂറോളം പേരുടെ ഉപജീവനമാർഗമാണ്‌ അടഞ്ഞത്‌.  മൂന്നൂറോളം കുടുംബങ്ങളെ ബാധിച്ചു. 
ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർ മുതൽ തോട്ടം തൊഴിലാളികൾ ആയിരുന്നവർവരെ വളയംപിടിച്ച്‌ ജീവിതസ്വപ്‌നങ്ങൾ നെയ്യുകയായിരുന്നു. 217 ജീപ്പുകളാണ്‌ ഓഫ്‌റോഡ്‌ സർവീസിനുള്ളത്‌. സീസണിൽ ദിവസം മൂവായിരം രൂപവരെ നേടിയവരാണ്‌ ഒരുരൂപ വരുമാനമില്ലാത്ത അവസ്ഥയിലായത്‌.  മാസവും 12,000 മുതൽ 23,000 രൂപവരെ വാഹന വായ്‌പയിൽ തിരിച്ചടവുള്ളവരാണിവർ. വായ്‌പാ അടവും മുടങ്ങി.  മുണ്ടക്കൈ, ചൂരൽമല, മേപ്പാടി പ്രദേശത്തുള്ളവരാണ്‌ ഭൂരിഭാഗം ഡ്രൈവർമാരും. ഡ്രൈവർമാരായിരുന്ന  ബഷീർ, മഹേഷ്‌, ലത്തീഫ്‌, ലെനിൻ എന്നിവർ ദുരന്തത്തിൽ മരിച്ചു. എട്ട്‌ ജീപ്പുകൾ പൂർണമായും തകർന്നു. ജീപ്പുകൾ നഷ്‌ടമായവർക്ക്‌  ഡിവൈഎഫ്‌ഐ ഉൾപ്പെടെയുള്ള സംഘടനകൾ വാഹനം വാങ്ങി നൽകിയെങ്കിലും സർവീസ്‌ ആരംഭിക്കാനാകാത്ത പ്രതിസന്ധിയിലാണ്‌ തൊഴിലാളികൾ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top