13 November Wednesday

തോട്ടങ്ങളിൽ വിളവെടുക്കാൻ അനുമതി ചൂരൽമലയിൽ ഇന്ന്‌ കൊളുന്ത്‌ നുള്ളും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024

 

ചൂരൽമല
മുണ്ടക്കൈ ഉരുൾപൊട്ടലിൽ നിശ്ചലമായ ചൂരൽമലയിലെ തേയിലത്തോട്ടത്തിലേക്ക്‌ ചൊവ്വാഴ്‌ച വീണ്ടും തൊഴിലാളികൾ എത്തും. തേയില കൊളന്തുകൾക്കൊപ്പം ഇവരുടെ സ്വപ്‌നങ്ങളും പൂക്കുകയാണ്‌. ജീവിത പ്രതീക്ഷകൾ സജീവമാക്കി കൊളുന്ത്‌ നുള്ളും.
ഹാരിസൺ മലയാളം(എച്ച്‌എംഎൽ), റാണിമല, ഡംഡം(ടാസ്‌) എസ്‌റ്റേറ്റുകളിലാണ്‌ പണി പുനരാരംഭിക്കുന്നത്‌. വിദഗ്‌ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ഒറ്റപ്പെട്ടുപോയ തോട്ടങ്ങളിൽ വിളവെടുപ്പ്‌ നടത്താൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി കർശന നിബന്ധനകളോടെ അനുമതിനൽകിയത്‌. ഈ എസ്‌റ്റേറ്റുകളിലെ 187 തൊഴിലാളികൾക്ക്‌ ജോലിചെയ്യാൻ അനുമതി നൽകാവുന്നതാണെന്ന്‌ വിദഗ്‌ധസമിതി റിപ്പോർട്ട്‌ നൽകിയിരുന്നു.  ബെയ്‌ലി പാലത്തിലൂടെ രാവിലെ ഏഴ്‌ മുതൽ തൊഴിലാളികളെ കൊണ്ടുപോകാം. പകൽ മൂന്നിന്‌ മുമ്പ്‌ തിരികെ കൊണ്ടുവരണം. ഉൽപ്പന്നങ്ങളും ഈ സമയത്തിന്‌ മുമ്പായി പാലം കടത്തണം.  എറ്റവും കുറവ് തൊഴിലാളികളെ മാത്രം വാഹനത്തിൽ കൊണ്ടുവന്ന്‌ വിളവെടുപ്പ് ജോലികൾ നിർവഹിക്കണം. പുഴയുടെ ഇരുഭാഗത്തും അമ്പത് മീറ്ററിനുള്ളിൽ ജോലി പാടില്ല. 
 അടിയന്തര സാഹചര്യങ്ങളിൽ തൊഴിലാളികളെ തിരികെ സുരക്ഷിത സ്ഥലത്ത്  എത്തിക്കുന്നതിന്‌ റിസർവ്‌  വാഹനങ്ങളുണ്ടാകണം. തൊഴിലാളികളെ 10–- 20 വരെയുള്ള ഗ്രൂപ്പുകളായി തിരിച്ചായിരിക്കണം ജോലി നൽകേണ്ടത്‌. ഓരോ ഗ്രൂപ്പിനും കോ -ഓർഡിനേറ്റർമാരുണ്ടാകണം. എസ്റ്റേറ്റ് ഉടമകൾ തൊഴിലാളികളുടെ വിവരങ്ങൾ ലേബർ ഓഫീസർക്ക് നൽകണം. 
തൊഴിലാളികൾക്കും ബന്ധപ്പെട്ടവർക്കും പാസ് നിർബന്ധമാണ്‌.   ശക്തമായ മഴയുള്ളപ്പോഴും മുന്നറിയിപ്പുള്ളപ്പോഴും ജോലിചെയ്യാൻ പാടില്ല.  തൊഴിലാളികളുടെ സുരക്ഷാ  ഉത്തരവാദിത്വം എസ്റ്റേറ്റ് ഉടമകൾക്കാണ്‌.
വനറാണി, നെല്ലിയാമ്പതി, നാഗമല, വൃന്ദാവൻ, എബ്രഹാം എന്നീ തോട്ടങ്ങളിൽ പുഞ്ചിരിമട്ടം ഭാഗത്ത്‌ സുരക്ഷിതമായ പാലവും റോഡും നിർമിച്ചശേഷമേ  ജോലി അനുവദിക്കൂ. നിർമിക്കുന്ന പാലം, റോഡ് എന്നിവയുടെ സുരക്ഷിതത്വം പൊതുമരാമത്ത് വകുപ്പ് ഉറപ്പുവരുത്തണം. 
എച്ച്‌എംഎല്ലിലെ 41 തൊഴിലാളികളെയാണ്‌ ദുരന്തം കവർന്നത്‌. കൂടുതൽ പേരും മുണ്ടക്കൈയിൽനിന്നുള്ളവരാണ്‌. ഇവരുടെ ഓർമകളുമായാകും ചൊവ്വാഴ്‌ച തൊഴിലാളികൾ പണിക്കിറങ്ങുക. തൊഴിലാളികളുടെ കുടുംബാംഗങ്ങളെയും നഷ്ടമായി. ഒമ്പത്‌ പാടികൾ അടയാളംപോലുമില്ലാതെ ഒലിച്ചുപോയി. എട്ടെണ്ണം തകർന്നു. നാല്‌ ക്വാർട്ടേഴ്‌സുകൾ നിലംപൊത്തി. മൂന്നെണ്ണം വാസയോഗ്യമല്ലാതായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top