22 December Sunday

കൽപ്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്വയംതൊഴിൽ പദ്ധതി സബ്‌സിഡി തട്ടാൻ
നീക്കമെന്ന്‌ ആരോപണം

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024

കൽപ്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത്‌ സബ്‌സിഡി അനുവദിച്ച തൃക്കൈപ്പറ്റ പൂതമൂലയിലെ നിർമാണ യൂണിറ്റിനായി കെട്ടിയ കവുങ്ങ്‌ ഷെഡ്‌ തകർന്ന നിലയിൽ

കൽപ്പറ്റ
ബ്ലോക്ക്‌ പഞ്ചായത്ത്‌ പദ്ധതിയിലൂടെ  സബ്‌സിഡി തുക തട്ടാൻ തൃക്കൈപ്പറ്റ ഡിവിഷനിൽ തട്ടിക്കൂട്ട്‌ നിർമാണ യൂണിറ്റുണ്ടാക്കിയെന്ന്‌ ആരോപണം. ബ്ലോക്ക്‌ പഞ്ചായത്തിന്റെ എസ്‌ടി വനിതാ ഗ്രൂപ്പുകൾക്കുള്ള സ്വയംതൊഴിൽ പദ്ധതിയിൽ ഉൾപ്പെട്ട പൂതമൂലയിലെ കോൺക്രീറ്റ്‌, ഹോളോബ്രിക്‌സ്‌ യൂണിറ്റുകൾക്കെതിരെയാണ്‌ ആക്ഷേപം. വായ്‌പ പാസായി സബ്‌സിഡി തുക അനുവദിച്ചെങ്കിലും തകർന്നുവീഴാറായ ഷെഡ്‌ മാത്രമാണ്‌ നിർമാണ യൂണിറ്റ്‌. രണ്ടുവർഷം പിന്നിട്ടിട്ടും ഒരു പ്രവർത്തനവും നടന്നിട്ടില്ല. അഞ്ചുലക്ഷത്തിന്റെ വായ്‌പക്ക്‌ മൂന്നുലക്ഷംരൂപ സബ്‌സിഡി നൽകുന്ന രണ്ട്‌ പദ്ധതികൾക്കാണ്‌ കമുകുകൊണ്ടുള്ള താൽക്കാലിക ഷെഡ്‌ മറയാക്കി പണം നൽകിയത്‌. 
മൂന്നുപേരടങ്ങുന്ന രണ്ട്‌ ഗ്രൂപ്പുകൾക്ക്‌ മൂന്നുലക്ഷം രൂപവീതം സബ്‌സിഡി നൽകുകയായിരുന്നു. ‘ഒരുമ’യെന്ന പേരിൽ കോൺക്രീറ്റ്‌ ഉൽപ്പന്ന നിർമാണ യൂണിറ്റും ‘ഭൂമിക’ എന്ന പേരിൽ ഹോളോബ്രിക്‌സ്‌ യൂണിറ്റുമാണ്‌ രേഖകളിലുള്ളത്‌. ബ്ലോക്ക്‌ പഞ്ചായത്ത്‌ അനുവദിച്ച സബ്‌സിഡി വനിതാ ഗ്രൂപ്പുകളുടെ അക്കൗണ്ടിലേക്ക്‌ കൈമാറിയിട്ടുണ്ട്‌. ഇരു ഗ്രൂപ്പുകളും രണ്ടുലക്ഷം രൂപവീതം ആകെ നാലുലക്ഷം രൂപ ഇതിനകം ബാങ്കിൽനിന്ന്‌ കൈപ്പറ്റി. പ്രദേശത്തെ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗത്തിന്റെയും പഞ്ചായത്തംഗത്തിന്റെയും അറിവോടെ സബ്‌സിഡി തട്ടാനുള്ള ശ്രമമാണ്‌ നടക്കുന്നതെന്ന്‌ നാട്ടുകാർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top