22 December Sunday

പുലിപ്പേടിയിൽ പുൽപ്പാറ അമ്മയും മക്കളും ഓടി രക്ഷപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024

എസ്റ്റേറ്റിൽ കാടുമൂടി കിടക്കുന്നു

കൽപ്പറ്റ 
നാട്ടുകാരെ ഭീതിയിലാക്കി പുൽപ്പാറയിൽ വീണ്ടും പുലിസാന്നിധ്യം. ബുധൻ രാവിലെ എട്ടരയോടെ എൽസ്റ്റൺ എസ്റ്റേറ്റ് പാടിയിൽ താമസിക്കുന്ന കൽപ്പറ്റ നഗരസഭയിലെ ഹരിതകർമ സേന തൊഴിലാളി അമ്മിണിയാണ് പുലിയെ കണ്ടത്. മക്കളെ സ്കൂളിലേക്ക് ഓട്ടോയിൽ വിടാനും ജോലിക്ക് പോകാനുമായി വരികയായിരുന്നു. ബൈപാസിന്റെ അടുത്തെത്തിയപ്പോൾ സമീപത്തെ തേയിലച്ചെടികൾക്കിടയിൽ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് പുലിയെ കണ്ടത്.   ഇവർ തിരിഞ്ഞോടി രക്ഷപ്പെടുകയായിരുന്നു. തിങ്കൾ രാത്രി പത്തോടെ പ്രദേശവാസിയായ ഓട്ടോ തൊഴിലാളി ജുനൈസ് വീട്ടിലേക്ക് പോകുമ്പോൾ ഫാക്ടറിക്ക് സമീപം കാടുപിടിച്ച ഭാഗത്ത് പുലിയെ കണ്ടിരുന്നു. എസ്റ്റേറ്റ് ഫാക്ടറിയോട് ചേർന്ന് പാലത്തിനുസമീപം പാടിക്ക് മുമ്പിലായി രാവിലെ നടക്കാനിറങ്ങിയവർ പുലിയെ കണ്ട്‌ പേടിച്ചതായും പ്രദേശവാസിയായ ജോണിന്റെ വളർത്തുനായയെ പുലി പിടിച്ചതായും നാട്ടുകാർ പറഞ്ഞു. പുലി സാന്നിധ്യം നിരന്തരമായതോടെ മദ്രസക്ക് അവധി നൽകിയിരുന്നു. എസ്റ്റേറ്റിന്റെ വിവിധ ഇടങ്ങളിൽ കാടുപിടിച്ച്‌ കിടക്കുന്നതിനാൽ പുലിക്ക് തമ്പടിക്കാൻ എളുപ്പമാണ്. തോട്ടത്തിലെ കാട്‌  വെട്ടി വൃത്തിയാക്കാനുള്ള നടപടി എസ്റ്റേറ്റ് മാനേജ്മെന്റ്‌ സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
ഫാക്ടറിക്ക് സമീപത്ത് വനം വകുപ്പ് കാമറ സ്ഥാപിച്ചിട്ടുണ്ട്. പകൽസമയത്തുപോലും പുലിയെ കാണാൻ തുടങ്ങിയതോടെ നാട്ടുകാർ ഭയത്തിലാണ്. ആട്, പശു എന്നിവയെ ആക്രമിക്കുമോയെന്നുള്ള ഭയം നാട്ടുകാർക്കുണ്ട്‌. കാൽനട യാത്രക്കാരടക്കം ഭീതിയിലാണ്. രാത്രി പുറത്തിറങ്ങാൻ ഭയമായി. ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ പുലിയെ കൂടുവച്ച് പിടികൂടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. നാട്ടുകാരുടെ ഭീതി അകറ്റണമെന്നും ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ആവശ്യമായ നടപടി സ്വീകരിക്കണമെന്നും പുൽപ്പാറയിലെ  സിപിഐ എം പ്രവർത്തകർ ആവശ്യപ്പെട്ടു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top