18 October Friday

സ്‌പാകളിൽ റെയ്‌ഡ്‌:
37 എണ്ണത്തിന്‌ നോട്ടീസ്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024
കൽപ്പറ്റ
 ടൂറിസത്തിന്റെ മറവിൽ ആയുർവേദ മസാജ് എന്ന പേരിൽ നടത്തിവന്ന അനധികൃത സ്പാ സ്ഥാപനങ്ങൾക്കെതിരെ കർശന നിയമ നടപടികളുമായി പൊലീസ്. നടപടികളുടെ ഭാഗമായി   സ്പാ കേന്ദ്രങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി.   
ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരിയുടെ   നിർദേശപ്രകാരം  ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധികളിൽ പ്രവർത്തിച്ചുവന്നിരുന്ന മസാജ് സ്പാ കേന്ദ്രങ്ങളിലായിരുന്നു പരിശോധന. പരിശോധനയിൽ  മതിയായ രേഖകളില്ലാതെ അനധികൃതമായി പ്രവർത്തിച്ചുവന്നിരുന്ന 37 സ്പാ നടത്തിപ്പുകാർക്ക് നോട്ടീസ് നൽകി. ഏഴ് ദിവസത്തിനുള്ളിൽ ആവശ്യമായ രേഖകൾ ഹാജരാക്കുന്നതിന്‌ നിർദേശം നൽകി. 
   ജില്ലയിൽ സ്‌പാ കേന്ദ്രീകരിച്ച്‌ രണ്ട്‌ മാസം മുമ്പ്‌ മയക്കുമരുന്നും പിടികൂടിയിരുന്നു. കൈനാട്ടിയിലെ സ്‌പായിൽനിന്നാണ്‌  എംഡിഎംഎയുമായി രണ്ടുപേർ പിടിയിലായത്‌.  പൊലിസ്‌ ഇത്തരം സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച്‌ ശക്തമായ നിരീക്ഷണം നടത്തുന്നുണ്ട്‌. ഇത്തരത്തിലുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിന് കേരളാ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ്‌  രജിസ്ട്രേഷൻ ആൻഡ് റെഗുലേഷൻ ആക്ട് 2018 പ്രകാരം രജിസ്റ്റർചെയ്ത ലൈസൻസ് നിർബന്ധമാണ്. 
ഈ രേഖയില്ലാതെയാണ്‌ പലതും പ്രവർത്തിക്കുന്നത്‌.  കൂടാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യ വകുപ്പ്, പൊലീസ് എന്നിവിടങ്ങളിൽനിന്നുള്ള അനുമതിരേഖകളും പല സ്‌പാകൾക്കുമില്ല.  വരുംദിവസങ്ങളിലും ഇതുമായി ബന്ധപ്പെട്ട് പരിശോധനയും അനധികൃത കേന്ദ്രങ്ങൾക്കെതിരെയുള്ള നിയമ നടപടികളും സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top