കൽപ്പറ്റ
ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളായ കുറുവയിലും ചെമ്പ്രാ പീക്കിലും സന്ദർശകരുടെ എണ്ണം വർധിപ്പിച്ചു. നാല് കേന്ദ്രങ്ങളിൽ പ്രവേശന ഫീസ് നിരക്കിലും മാറ്റംവരുത്തി. പുതിയ നിരക്ക് പ്രകാരമായിരിക്കും ഇക്കോടൂറിസം കേന്ദ്രങ്ങൾ തുടർന്ന് പ്രവർത്തിപ്പിക്കുക. വനംവകുപ്പ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്‌മൂലത്തെ അടിസ്ഥാനമാക്കിയാണ് സന്ദർശകരുടെ എണ്ണത്തിൽ മാറ്റം വരുത്തിയത്. ഇതുപ്രകാരം കുറുവ ദ്വീപിലേക്ക് ഇനി 489 പേരെ പ്രവേശിപ്പിക്കാനാവും. നേരത്തെ 400 പേരെയായിരുന്നു നിശ്ചയിച്ചിരുന്നത്. ഇവിടേക്ക് വിദ്യാർഥികളുടെ പ്രവേശന ഫീസ് 100 രൂപയാക്കി കുറച്ചു. നിലവിൽ 150 രൂപയായിരുന്നു. വിദേശികൾക്ക് നിലവിലുള്ള നിരക്കായ 440 രൂപ തുടരും.
ചെമ്പ്രാപീക്കിലേക്ക് നിലവിൽ 75 പേരെ ഒരു ദിവസം പ്രവേശിപ്പിക്കാനായിരുന്നു തീരുമാനം. ഇത് 88 ആയി വർധിപ്പിച്ചു. ഇവിടെയും ഫീസ് നിരക്കിലും മാറ്റം വരുത്തിയിട്ടുണ്ട്. അഞ്ചുപേരടങ്ങിയ ഗ്രൂപ്പിന് 5000 രൂപ എന്നത് 4000 ആയി കുറച്ചു. അഞ്ചുപേരടങ്ങിയ വിദ്യാർഥികളടങ്ങിയ സംഘത്തിന് 1600 രൂപയാണ് നിശ്ചയിച്ചിരുന്നത്. ഇത് 1000 രൂപയാക്കി. അഞ്ച് വിദേശസഞ്ചാരികൾക്ക് 8000 രൂപ തുടരും.
സൂചിപ്പാറ വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനഫീസ് 118 രൂപയിൽനിന്ന് 100 രൂപയാക്കി. വിദ്യാർഥികൾക്കുള്ള നിരക്ക് 70ൽനിന്ന് 50 രൂപയാക്കി. വിദേശികൾക്ക് 250ൽനിന്ന് 236 ആക്കി കുറച്ചു. സന്ദർശകരുടെ എണ്ണം 500 തന്നെയാണ്.
കാറ്റുകുന്ന്–-ആനച്ചോല ട്രക്കിങ്ങിനുള്ള ഫ-ീസ് അഞ്ചുപേർക്ക് 5000 രൂപയിൽനിന്ന് 4000 ആയി കുറച്ചു. വിദ്യാർഥികളുടെ നിരക്ക് 3000ത്തിൽനിന്ന് 2500 രൂപയാക്കി.
തിങ്കൾ മുതൽ ചെമ്പ്രാപീക്ക്, ബാണാസുര മീൻമുട്ടി, കാറ്റുകുന്ന്–-ആനച്ചോല എന്നീ കേന്ദ്രങ്ങളും നവംബർ ഒന്ന് മുതൽ സൂചിപ്പാറയും തുറന്നുപ്രവർത്തിക്കാനാണ് വനംവകുപ്പ് തീരുമാനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..