കൽപ്പറ്റ
കോളേജ് വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യംവച്ച് പണംനൽകി ബാങ്ക് അക്കൗണ്ട് നിർമിക്കുന്ന സംഘം ജില്ലയിൽ വ്യാപകമെന്ന് ജില്ലാ സൈബർ പൊലീസ്. 25ലധികം പരാതികളാണ് ജില്ലയിൽ ലഭിച്ചത്. വിദ്യാർഥികൾ ഇത്തരത്തിൽ ചതിക്കുഴിയിൽ പെടുന്നുണ്ടെന്ന വിശ്വസനീയമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിക്കൊണ്ടിരിക്കയാണ്.
ഇടനിലക്കാര്‍ മുഖേനെ
സംസാരിച്ച് വശപ്പെടുത്തിയാണ് ബാങ്ക് അക്കൗണ്ടുകൾ കൈക്കലാക്കുന്നത്.
വിദ്യാർഥികളുമായി ചങ്ങാത്തത്തിലാവുകയാണ് ആദ്യം ചെയ്യുക. ബിസിനസ് ഉണ്ടെന്നും ലാഭം തരാമെന്നും ട്രേഡിങ് കമ്പനിയിൽ ഓൺലൈൻ ജോലിനൽകാമെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ബാങ്ക് അക്കൗണ്ട് വേണമെന്ന് പറയും. ചെറിയ തുകയും നൽകും. അക്കൗണ്ട് തുറപ്പിച്ച് എടിഎം കാർഡ് ഇവർ കൈക്കലാക്കും. ചതിയിൽ പെട്ടുപോകുന്നവർ പിന്നീടുള്ള പൊല്ലാപ്പുകൾ അറിയുന്നില്ല. ഈ അക്കൗണ്ട് വഴിയാണ് പിന്നീടുള്ള പണം കൈമാറ്റം നടക്കുക. നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ ആരംഭിച്ചതോടെ ഒരു കേസിൽ ഉൾപ്പെട്ട ബാങ്ക് അക്കൗണ്ട് പിന്നീട് ഉപയോഗിക്കാൻ പറ്റില്ല.
ഇതോടെ തട്ടിപ്പുകാർക്ക് വൻതോതിൽ അക്കൗണ്ടുകൾ ആവശ്യമായി വരുന്നു. ഇന്ത്യയിൽ എവിടെനിന്നും ഈ അക്കൗണ്ടിലേക്ക് പണം വരാം. ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം കേസെടുത്ത വിവരം പുറത്തറിയുമ്പോൾ മാത്രമാണ് തങ്ങൾ കുടുങ്ങിയ കാര്യം വിദ്യാർഥികൾ അറിയുക. സമാന കേസിൽ ബംഗളൂരു പൊലീസിന്റെ നോട്ടീസ് ജില്ലയിലെ ഒരു വിദ്യാർഥിക്ക് ലഭിച്ചിട്ടുണ്ട്. പനമരം അഞ്ചാംമൈൽ സ്വദേശി ജില്ലാ പൊലീസ് മേധാവിക്ക് രേഖാമൂലം പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ സൈബർ പൊലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഇത്തരത്തിൽ അക്കൗണ്ട് ചോദിച്ച് പണം നൽകാമെന്ന് പറഞ്ഞ് ആരെങ്കിലും സമീപിച്ചിട്ടുണ്ടെങ്കിൽ അറിയിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. വിദ്യാർഥികളിൽ അവബോധം നൽകുന്നതിന്റെ ഭാഗമായി ജില്ലാ പൊലീസ് കർമപദ്ധതി രൂപീകരിച്ച് കോളേജുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..