കൽപ്പറ്റ
മാനന്തവാടിക്ക് പിന്നാലെ കൽപ്പറ്റ മണ്ഡലത്തിലും മലയോര ഹൈവേയുടെ പ്രവൃത്തി പുരോഗമിക്കുന്നു. കമ്പളക്കാട് കെൽട്രോൺ വളവ് –-കൈനാട്ടി, കൽപ്പറ്റ ബൈപാസ്, കാപ്പംകൊല്ലി–-മേപ്പാടി, മേപ്പാടി–-ചൂരൽമല എന്നീ റീച്ചുകളായാണ് നിർമാണം. മേപ്പാടി–-ചൂരൽമല 31.37 കോടി രൂപയുടെയും മറ്റ് മൂന്ന് റീച്ചുകൾ 34 കോടി രൂപയുടെയും പദ്ധതികളാണ്. ഊരാളുങ്കൽ ലേബർ കോൺട്രക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമാണം. സാങ്കേതിക കുരിക്കുകൾ സർക്കാർ നീക്കിയാണ് പ്രവൃത്തികൾ തുടങ്ങിയത്.
കെൽട്രോൺ വളവ് –-കൈനാട്ടി പാതയിൽ പണികൾ അതിവേഗത്തിലാണ്. നിലവിലെ ടാറിങ് പൂർണമായും കുഴിച്ചുമാറ്റി അടിത്തറ ബലപ്പെടുത്തുകയാണ്. രണ്ട് നിരയിൽ മെറ്റൽ ഉറപ്പിച്ച് പിന്നീട് രണ്ടുനിരയായി ടാർ ചെയ്യും. കലുങ്കുകൾ, ഡ്രെയ്‌നേജ്, സുരക്ഷാ ഭിത്തികൾ എന്നിവയെല്ലാം പദ്ധതിയിലുണ്ട്. എല്ലാ പ്രവൃത്തികളും ഒരുപോലെ മുന്നേറുകയാണ്. ബൈപാസിലും പ്രവൃത്തി ആരംഭിച്ചു. ബൈപാസ് ദേശീയപാതയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും നേരത്തെയുള്ള തീരുമാനപ്രകാരം രണ്ടുവരിയിൽ ടാറിങ് നടത്തും.
കഴിഞ്ഞ ജൂലൈ 20ന് ആണ് റോഡ് പൊതുമരാമത്ത് വകുപ്പ് കരാർ കമ്പനിക്ക് കൈമാറിയത്. 18 മാസമാണ് നിർമാണ കാലാവധി. തുടർച്ചയായുള്ള മഴ മറികടന്നാണ് പ്രവൃത്തി.
പച്ചിലക്കാട് മുതൽ ചൂരൽമല അരുണപ്പുഴവരെയാണ് കൽപ്പറ്റ മണ്ഡലപരിധിയിൽ മലയോര ഹൈവേ കടന്നുപോകുന്നത്. ഇതിന്റെ ആദ്യഘട്ട പ്രവൃത്തി ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നടത്തിയതാണ്. 16 കോടിയോളം രൂപ വിനിയോഗിച്ചു. കരാർ കമ്പനിയുടെ വീഴ്‌ചയിൽ പ്രവൃത്തി മുടങ്ങി. ഈ കമ്പനിയെ സർക്കാർ നീക്കി പുതുക്കിയ അടങ്കൽ തയ്യാറാക്കിയാണ് രണ്ടാംഘട്ട പ്രവൃത്തി ആരംഭിച്ചത്.
മേപ്പാടി–-ചൂരൽമല പ്രത്യേകമായാണ് നവീകരിക്കുന്നത്. കൽപ്പറ്റ അയ്യപ്പക്ഷേത്ര പരിസരംമുതൽ കാപ്പംകൊല്ലിവരെ നേരത്തെ നന്നാക്കിയതാണ്. പച്ചിലക്കാട് –-കമ്പളക്കാട് ഭാഗത്തിന് പ്രത്യേകം പദ്ധതിയുണ്ട്.
മാനന്തവാടി മണ്ഡലത്തിൽ മലയോര ഹൈവേയുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. 43 കിലോമീറ്ററിൽ 40 കിലോമീറ്ററിൽ ആദ്യഘട്ട ടാറിങ് പൂർത്തിയായി.
ചൂരൽമലയിൽ
പാലവും റോഡും
ഉരുൾപൊട്ടിയ ചൂരൽമലയിൽ പാലവും റോഡും നിർമിക്കും. പ്രവൃത്തി ഇപ്പോഴുണ്ടാകില്ല. മേപ്പാടി-–ചൂരൽമല ഭാഗത്ത് ജൂലൈയിൽത്തന്നെ പ്രവൃത്തി ആരംഭിച്ചെങ്കിലും ദുരന്തത്തിൽ തടസ്സപ്പെട്ടു. വീണ്ടും ആരംഭിച്ചു. 12.8 കിലോമീറ്ററാണുള്ളത്. 2018ൽ റോഡ് നവീകരണം തുടങ്ങിയെങ്കിലും എസ്‌റ്റേറ്റ് ഭൂമി വിട്ടുകിട്ടാതിരുന്നതോടെ പ്രവൃത്തി മുടങ്ങി. മന്ത്രി പി എ മുഹമ്മദ് റിയാസുൾപ്പെടെ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചാണ് വീണ്ടും ആരംഭിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..