കൽപ്പറ്റ > വേവിക്കാതെ ചോറാകുന്ന അരി വയനാടൻ പാടത്തും. മാജിക്കൽ റൈസ് ‘അഘോനി ബോറ’ ചീരാൽ മാത്തൂർക്കുളങ്ങര സുനിൽകുമാറിന്റെ പാടത്താണ് വിളയുന്നത്. ചോറുണ്ടാക്കാൻ അടുപ്പോ, തീയോ വേണ്ട. പുഴുങ്ങിക്കുത്തിയ അരി പച്ചവെള്ളത്തിൽ മുക്കാൽ മണിക്കൂറും ഇളം ചൂടുവെള്ളത്തിൽ 20 മിനിട്ടും കുതിർത്തുവച്ചാൽ ചോറ് പാകമായി. 10 സെന്റിലാണ് സുനിൽകുമാറിന്റെ "റെഡി ടു ഈറ്റ് റൈസ്’ കൃഷി.
പഞ്ചാബിൽ നിന്ന് സുഹൃത്ത് വഴിയാണ് വിത്ത് എത്തിച്ചത്. കിലോയ്ക്ക് 300 രൂപവരെ വിലയുണ്ട്. പാരമ്പര്യ നെൽവിത്തിനങ്ങൾ കൃഷിചെയ്യുന്ന ഈ യുവകർഷകൻ പത്തേക്കറിലാണ് നെല്ല് വിളയിക്കുന്നത്. കൃഷിയിലെ പുതുപരീക്ഷണങ്ങളുടെ ഭാഗമായാണ് ‘അഘോനി ബോറ’ വയലിലെത്തിച്ചത്. മഞ്ഞയും വയലറ്റും നിറത്തിൽ നെല്ല് കതിരിട്ടു. മനോഹര കാഴ്‌ചകാണാനും കൃഷിരീതി പഠിക്കാനും ധാരാളംപേർ വയലിലേക്ക് എത്തുന്നു.
മറുനാടൻ ഇനങ്ങളായ കരിഗജബല, കലാബത്തി തുടങ്ങി വയനാടിന്റെ സ്വന്തം മുള്ളൻകൈമ, കോതാളി, ചെന്നെല്ല്, മരനെല്ല് തുടങ്ങിയവയും കൃഷിചെയ്യുന്നു. 250 ഇനം നാടൻ വിത്തുകളുടെ ശേഖരമുണ്ട്. വിത്തുകൾ സംരക്ഷിക്കുന്നതിന് കേന്ദ്രസർക്കാരിന്റെ ‘പ്ലാന്റ് ജീനോം സേവിയർ’ പുരസ്കാരവും സുനിൽകുമാറിനെ തേടിയെത്തി. അഘോനി ബോറ വിജയമായതോടെ കൂടുതൽ പുതിയ ഇനങ്ങൾ പരീക്ഷിക്കാനുമുള്ള തയ്യാറെടുപ്പിലുമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..