18 December Wednesday

പേര്യ–നിടുംപൊയിൽ ചുരം റോഡ്‌ തുറന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 18, 2024

ഇടവേളക്ക്‌ ശേഷം പേര്യ–-നിടുംപൊയിൽ ചുരം റോഡിൽ പുനർനിർമാണം നടത്തി സ്ഥലത്തിലൂടെ വാഹനം കടന്നുവന്നപ്പോൾ

  കൽപ്പറ്റ നാലരമാസത്തെ അടച്ചിടലിന്‌ ശേഷം പേര്യ–-നിടുംപൊയിൽ ചുരം റോഡ്‌ ചൊവ്വാഴ്‌ച തുറന്നുകൊടുത്തു. കാലവർഷത്തിൽ വിള്ളലുണ്ടായ ഭാഗത്തെ റോഡ്‌ ഭാഗികമായി പുനർനിർമിച്ചാണ്‌ ഗതാഗതം പുനഃസ്ഥാപിച്ചത്‌. വയനാട്‌ –-കണ്ണൂർ ജില്ലക്കാർ നേരിട്ട യാത്രാദുരിതത്തിന്‌ ഇതോടെ താൽക്കാലിക പരിഹാരമായി. ബസ്‌ ഉൾപ്പടെയുള്ള വാഹനങ്ങൾ ബുധനാഴ്‌ച കടത്തിവിട്ടു. ഭാരമേറിയ വാഹനങ്ങൾക്ക്‌ തൽക്കാലം നിയന്ത്രണമുണ്ട്‌. ടാറിങ് പ്രവൃത്തി പിന്നീട് നടത്തും. ചന്ദനത്തോട്‌ മുതൽ നിടുംപൊയിൽവരെ 12 കിലോമീറ്റർ ദൂരം പൂർണമായി റീ ടാറിങ് നടത്താനാണ്‌ ഉദ്ദേശിക്കുന്നത്‌. കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്ന ചന്ദനത്തോട്‌ പ്രദേശത്ത്‌ 80 മീറ്ററോളം നീളത്തിൽ റോഡിലും റോഡരികിലും ഭൂമി വിണ്ടുമാറിയതിനെ തുടർന്ന്‌ ജൂലൈ 30നാണ്‌ റോഡ്‌ അടച്ചത്‌. വിള്ളലുണ്ടായ മുഴുവൻ ഭാഗത്തെയും മണ്ണ്‌ പത്ത്‌ മീറ്ററോളം താഴ്‌ത്തി അടിത്തറയൊരുക്കി റോഡ്‌ പുതുക്കിപ്പണിയുകയായിരുന്നു. സംരക്ഷണഭിത്തിയും നിർമിച്ചു. പേര്യ ചുരം അടച്ചതോടെ കൊട്ടിയൂർ –- പാൽച്ചുരം വഴിയായിരുന്നു മാനന്തവാടിയിൽനിന്ന്‌ കണ്ണൂരിലേക്കും തിരിച്ചും ആശ്രയം. വീതികുറഞ്ഞ കൊട്ടിയൂർ –- പാൽച്ചുരം റോഡിലെ വാഹനത്തിരക്ക്‌ വർധിച്ചത്‌ നിരന്തരം ഗതാഗതക്കുരുക്കുണ്ടാക്കിയിരുന്നു. നാട്ടുകാരും റോഡ്‌ ആക്‌ഷൻ കമ്മിറ്റി ഭാരവാഹികളും ജനപ്രതിനിധികളും മധുരം വിതരണംചെയ്‌ത്‌ ആഹ്ലാദം പങ്കിട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top