18 December Wednesday

സിപിഐ എം ജില്ലാ സമ്മേളനം ഇനി മൂന്നുനാൾ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 18, 2024

 

ബത്തേരി
സിപിഐ എ.ം ജില്ലാ സമ്മേളനത്തിന്‌ ഇനി മൂന്നുനാൾ. സമ്മേളനത്തെ വരവേൽക്കാൻ നാടൊരുങ്ങി. മധുരയിൽ നടക്കുന്ന 24–-ാം പാർടി കോൺഗ്രസിന്‌ മുന്നോടിയായി 21, 22, 23 തീയതികളിൽ ബത്തേരിയിലാണ് ജില്ലാ സമ്മേളനം. എടത്തറ ഓഡിറ്റോറിയത്തിൽ ഒരുങ്ങുന്ന പി എ മുഹമ്മദ്‌ നഗറിലാണ്‌ പ്രതിനിധി സമ്മേളനം. ബത്തേരി നഗരസഭാ സ്‌റ്റേഡിയത്തിൽ സീതാറാം യെച്ചൂരി–- കോടിയേരി ബാലകൃഷ്‌ണൻ നഗറിലാണ്‌ പൊതുസമ്മേളനം നടക്കുക.  
  823 ബ്രാഞ്ചുകളും 11,678 പാർടി അംഗങ്ങളും പതിനായിരക്കണക്കിന്‌ പ്രവർത്തകരുമുള്ള ജില്ലയിൽ സമ്മേളനം വൻ വിജയമാക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ്‌. സമ്മേളനത്തെ വരവേൽക്കാൻ ചെങ്കൊടിയും തോരണങ്ങളും വൈവിധ്യം നിറഞ്ഞ പ്രചാരണങ്ങളുമെല്ലാമായി ജില്ലയാകെ അണിഞ്ഞൊരുങ്ങി. ചുവപ്പ്‌ തോരണങ്ങൾക്ക്‌ നടുവിലാണ്‌ ബത്തേരി നഗരം. സമ്മേളനത്തിന്റെ പ്രചാരണാർഥമുള്ള സെമിനാറുകൾ ബുധൻ നടക്കുന്ന മാധ്യമ സെമിനാറോടെ പൂർത്തിയാവും. ബുധൻ രാവിലെ ഓട്ടോറിക്ഷാ വിളംബരറാലിയും വൈകിട്ട്‌ കർഷക വിളംബരറാലിയും നടക്കുന്നതോടെ വിളംബരജാഥകളും പൂർത്തിയാവും.
പതാക, കൊടിമര 
ജാഥകൾ 20ന്‌ 
സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക, കൊടിമര ജാഥകൾ 20ന്‌ പ്രയാണമാരംഭിക്കും. പാർടിയുടെ സമുന്നത നേതാവായിരുന്ന മുൻ ജില്ലാ സെക്രട്ടറി പി എ മുഹമ്മദിന്റെ കുടുംബാംഗങ്ങളിൽനിന്ന്‌ പതാക ഏറ്റുവാങ്ങും. പകൽ രണ്ടിന്‌ മേപ്പാടിയിൽ നടക്കുന്ന ചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ജാഥാ ക്യാപ്‌റ്റൻ എ എൻ പ്രഭാകരന്‌ പതാക കൈമാറി ജാഥ ഉദ്‌ഘാടനംചെയ്യും. കൽപ്പറ്റ, മുട്ടിൽ, മീനങ്ങാടി, കൃഷ്‌ണഗിരി, ബീനാച്ചി വഴി പതാക കോട്ടകുന്നിലെത്തിക്കും. 
  കൊടിമരം പുൽപ്പള്ളിയിലെ സിപിഐ എമ്മിന്റെ സമുന്നതനേതാവായിരുന്ന പി കെ മാധവന്റെ കുടുംബാംഗങ്ങളിൽനിന്ന്‌ ഏറ്റുവാങ്ങും. കൊടിമര ജാഥ പകൽ മൂന്നിന്‌ പുൽപ്പള്ളിയിൽ സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ ഉദ്‌ഘാടനംചെയ്യും. ജില്ലാ സെക്രട്ടറിയറ്റംഗം പി വി സഹദേവനാണ്‌ ജാഥാ ക്യാപ്‌റ്റൻ. ഇരുളം, കേണിച്ചിറ, ബീനാച്ചി വഴി കോട്ടകുന്നിൽ എത്തിച്ചേരും. ഇരുജാഥകളും കോട്ടകുന്നിൽ സംഗമിച്ച്‌ പൊതുസമ്മേളന നഗരിയായ ബത്തേരി നഗരസഭാ സ്‌റ്റേഡിയത്തിൽ (സീതാറാം യെച്ചൂരി–- കോടിയേരി ബാലകൃഷ്‌ണൻ നഗർ) വൈകിട്ട്‌ ഏഴോടെ പതാക ഉയർത്തും. 
മാധ്യമ സെമിനാർ ഇന്ന്‌
സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള മാധ്യമ സെമിനാർ ബുധൻ കൽപ്പറ്റ സർവീസ്‌ സഹകരണ ബാങ്ക്‌ പരിസരത്ത്‌ നടക്കും.വൈകിട്ട്‌ നാലിന്‌ എം വി നികേഷ്‌കുമാർ ഉദ്‌ഘാടനംചെയ്യും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top