27 December Friday

എൽഡിഎഫ്‌ പ്രചാരണത്തിന്‌ ആവേശത്തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024

ലോക്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കൽപ്പറ്റയിൽ നടത്തിയ റോഡ്‌ഷോ

 കൽപ്പറ്റ

വയനാട്‌ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽ ജില്ലയിൽ  ആവേശത്തുടക്കം. ഭൂരിപക്ഷത്തിന്റെ കണക്കുപറഞ്ഞ്‌ തെരഞ്ഞെടുപ്പിനെ അളക്കാനുള്ള യുഡിഎഫ്‌ ശ്രമം വിലപ്പോവില്ലെന്നും  രാഷ്‌ട്രീയ പോരാട്ടമായി ഉപതെരഞ്ഞെടുപ്പ്‌ മാറ്റുമെന്നും എൽഡിഎഫ്‌ പ്രഖ്യാപിച്ചു.   സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം ജില്ലയിലെത്തിയ സത്യൻ മൊകേരിക്ക്‌ ജില്ലയിൽ ആവേശകരമായ സ്വീകരണമാണ്‌ ലഭിച്ചത്‌. 
    കർഷക, തൊഴിലാളി പോരാട്ടങ്ങളിലൂടെ ജനമനസ്സുകളിൽ ഇടംകണ്ടെത്തിയ സ്ഥാനാർഥിയെ ജില്ലാ അതിർത്തിയായ ലക്കിടിയിൽനിന്ന്‌  എൽഡിഎഫ്‌ കൺവീനർ സി കെ ശശീന്ദ്രന്റെ  നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന്‌ ട്രാഫിക്‌ ജങ്‌ഷൻ പരിസരത്തുനിന്ന്‌ റോഡ്‌ ഷോ നടത്തി നഗരത്തിലേക്ക്‌ ആനയിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന റോഡ്‌ഷോയിൽ സ്‌ത്രീകളും തൊഴിലാളികളുമടക്കമുള്ളവർ ചെങ്കൊടിയേന്തി അണിനിരന്നു.  റോഡിനിരുവശവും നിരവധിപേർ സ്ഥാനാർഥിക്ക്‌   വിജയാശംസ നേർന്നു.  റോഡ്‌ ഷോ കനറാബാങ്ക് പരിസരത്ത്‌ സമാപിച്ചു. തുടർന്ന്‌ സത്യൻ മൊകേരി വോട്ടർമാരെ അഭിവാദ്യംചെയ്‌തു. എൽഡിഎഫ്‌ ജില്ലാ കൺവീനർ  സി കെ ശശീന്ദ്രൻ, നേതാക്കളായ പി ഗഗാറിൻ, പി സന്തോഷ് കുമാർ എം പി,  ഇ ജെ ബാബു, പി കെ മൂർത്തി, സി എം ശിവരാമൻ, കെ ജെ ദേവസ്യ, വി പി വർക്കി, പി കെ ബാബു, സണ്ണി മാത്യു, എ പി അഹമ്മദ് എന്നിവർ സ്വീകരണത്തിനും റോഡ്‌ ഷോയ്‌ക്കും നേതൃത്വം നൽകി. 
    സ്ഥാനാർഥി ഞായറാഴ്‌ച നിലമ്പൂർ മണ്ഡലത്തിൽ പര്യടനം നടത്തും. 21ന്‌ വണ്ടൂരിലും  22ന്‌ ഏറനാടും പര്യടനം നടത്തും. 23ന്‌ ജില്ലയിൽ തിരിച്ചെത്തുന്ന സത്യൻ മൊകേരി മാനന്തവാടി മണ്ഡലത്തിൽ പര്യടനം നടത്തും.   കൽപ്പറ്റയിൽ 24നാണ്‌  ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പ്‌ കൺവൻഷൻ. 25ന്‌ തിരുവമ്പാടി, 27ന്‌ മാനന്തവാടി, ബത്തേരി, നിലമ്പൂർ, 28ന്‌ കൽപ്പറ്റ, വണ്ടൂർ, ഏറനാട്‌ മണ്ഡലം കൺവൻഷനുകൾ ചേരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top