19 November Tuesday

വന്യമൃഗശല്യം കിഴങ്ങ് കൃഷിയിൽനിന്ന്‌ 
പിൻമാറ്റം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024

 

കൽപ്പറ്റ
വന്യമൃഗശല്യം രൂക്ഷമായതോടെ കിഴങ്ങുവിളകളുടെ കൃഷിയും കർഷകർ വെടിയുന്നു.   കിഴങ്ങ്‌ കൃഷി നിർത്തിയതോടെ   വയനാട്ടിലേക്ക്   കിഴങ്ങുവിളകളെത്തുന്നത് കർണാടകയിൽനിന്ന്‌. കപ്പ, കാച്ചിൽ, ചേമ്പ്, ചേന, മധുരക്കിഴങ്ങ് എന്നിവ സമൃദ്ധമായി വിളഞ്ഞിരുന്ന വയനാട്ടിലിപ്പോൾ കാര്യമായ കൃഷിയില്ല.  കാലാവസ്ഥാ വ്യതിയാനവും വന്യമൃഗശല്യവും കിഴങ്ങുവിളകളെയും ഇല്ലാതാക്കി. കർഷകർക്ക്‌ വീട്ടാവശ്യത്തിനുള്ള ചേമ്പും ചേനയുമെല്ലാം കടയിൽ നിന്നുവാങ്ങേണ്ട അവസ്ഥയാണ്.
ഇഞ്ചികൃഷിയാണ് ആദ്യം അതിർത്തികടന്നത്. വയനാടൻ കപ്പയുടെ പെരുമയും നഷ്‌ടമായി. ലോഡ് കണക്കിന് കപ്പയും ചേമ്പും മധുരക്കിഴങ്ങും കർണാടകത്തിൽനിന്നാണെത്തുന്നത്‌.  
കർണാടകയിലെ  ഇഞ്ചികൃഷിചെയ്ത സ്ഥലത്താണ് കിഴങ്ങുവിളകൾ വളർത്തുന്നത്‌. മുള്ളൻകൊല്ലി പഞ്ചായത്തിലാണ് കാര്യമായ കിഴങ്ങുകൃഷിയുണ്ടായിരുന്നത്. ഇവിടുത്തെ വളക്കൂറുള്ള  കറുത്തമണ്ണിൽ ഇവ നന്നായി വിളഞ്ഞിരുന്നു. കഴിഞ്ഞവർഷത്തെ വരൾച്ചയിൽ വ്യാപക കൃഷിനാശമുണ്ടായി. വൈറസ് രോഗംബാധിച്ച് ചേന നശിച്ചവർക്ക് നടീലിനുളള വിത്തുപോലും ലഭിച്ചില്ല. വനാതിർത്തിയിൽനിന്നും ഏറെ അകലെയുള്ള കൃഷിയിടങ്ങളിൽപ്പോലും കാട്ടുപന്നിയും മാനുകളും എത്തുന്നു. വേര്‌ വളർന്നുതുടങ്ങുമ്പോഴേക്കും മൂട്‌ മറിച്ചിടുകയാണ്‌ വന്യമൃഗങ്ങൾ.   ചേമ്പും ചേനയും നട്ടുമുളയ്ക്കുംമുമ്പേ കാട്ടുപന്നി അവയെല്ലാം കുത്തിയിളക്കും. ഉൽപ്പാദനം കുറഞ്ഞതിനാൽ വിളകൾക്ക്  മെച്ചപ്പെട്ട വിലയുണ്ട്. ചേന കിലോയ്ക്ക് 50 രൂപയും കാച്ചിലിന് 45 ഉം പച്ചക്കപ്പക്ക് 20 ഉം ചേമ്പിന് 60 രൂപയുമുണ്ട്.  ശബരിമല സീസൺ ആരംഭിച്ചതോടെ കിഴങ്ങ്‌ വർഗങ്ങൾക്ക്‌ ഡിമാൻഡ്‌ വർധിച്ചിട്ടുണ്ട്‌.   കർണാടക എച്ച്ഡി കോട്ട താലൂക്കിന്റെ വിവിധ ഭാഗങ്ങളിലാണ് കാര്യമായി കിഴങ്ങുകൃഷിയുള്ളത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top