കൽപ്പറ്റ
മുട്ടിൽ ഡബ്ല്യുഒയുപി സ്‌കൂളിലുണ്ടായ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നത് 25 വിദ്യാർഥികൾ. ജനറൽ ആശുപത്രിയിൽ 21 പേരും മേപ്പാടിയിൽ നാലുപേരുമാണ് നിലവിൽ ചികിത്സയിലുള്ളത്. ശനിയാഴ്‌ച മുതൽ 63 വിദ്യാർഥികൾ ജനറൽ ആശുപത്രിയിൽ ചികിത്സതേടിയിരുന്നു.
നാലുപേർ അതിതീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. ഛർദി, വയറുവേദന, വയറിളക്കം, പനി എന്നിവയുമായാണ് കുട്ടികളെല്ലാം എത്തിയത്. എൽകെജി മുതൽ ആറാംതരംവരെയുള്ള കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധ. വെള്ളി വൈകിട്ട് മുതൽ വിവിധ സ്വകാര്യ ആശുപത്രികളിലും കുട്ടികൾ ചികിത്സതേടിയിരുന്നു. വെള്ളിയാഴ്‌ച സ്‌കൂളിൽനിന്ന് നൽകിയ പുഴുങ്ങിയ മുട്ടയിൽനിന്നോ ഉച്ചഭക്ഷണത്തിലൂടെയോ ഭക്ഷ്യവിഷബാധയുണ്ടായെന്നാണ് സംശയം. സ്‌കൂളിൽനിന്ന് ശേഖരിച്ച വെള്ളവും അരിയും ഭക്ഷ്യസുരക്ഷാ വിഭാഗം കോഴിക്കോട് റീജണൽ ഓഫീസിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്. കൽപ്പറ്റ ജനറൽ ആശുപത്രിയിൽ വിദ്യാർഥികൾക്കായി പ്രത്യേക വാർഡ് സജ്ജീകരിച്ചാണ് ചികിത്സ നൽകുന്നത്. കുട്ടികൾക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..