കൽപ്പറ്റ
ഇഞ്ചി വിളവെടുപ്പിന് തയ്യാറെടുക്കേ കർഷകർ ആധിയിൽ. ഇഞ്ചിക്ക് വിലത്തകർച്ച നേരിടുന്നതും നിലമൊരുക്കുന്നതിനും ഉൽപ്പാദനത്തിനും ചെലവ് വർധിക്കുന്നതുമാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത്. പുതിയ ഇഞ്ചിക്ക് 60 കിലോ ചാക്കിന് 1500 രൂപയാണ് മാർക്കറ്റ് വില. വിളവെടുപ്പ് സീസണ് ഒരുമാസം ശേഷിക്കുന്നുണ്ടെങ്കിലും കേടുപാട് വന്നതും മൂപ്പെത്തിവരുന്നതുമായ ഇഞ്ചി വിളവെടുത്ത് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷം വിളവെടുപ്പ് തുടങ്ങിയതോടെ വില നാലായിരത്തിന് മുകളിൽ ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ വിപണിയിൽ ഈ രീതിയിലുള്ള കുതിച്ചുകയറ്റത്തിന്റെ ലക്ഷണം കാണുന്നില്ലെന്നതാണ് കർഷകരെ ആശങ്കയിലാക്കുന്നത്.
ജില്ലയിലും കർണാടകത്തിലുമടക്കം ഇഞ്ചി കൃഷിചെയ്യുന്ന നൂറുകണക്കിന് കർഷകർ ജില്ലയിലുണ്ട്. വൻതോതിൽ കൃഷിനടത്തുന്നത് കർണാടകത്തിലാണ്. കർണാടകത്തിൽ പുതിയ ഇഞ്ചിക്ക് 1500നും 1700നും ഇടയിലാണ് വില. ചുരുങ്ങിയത് 4000 രൂപയെങ്കിലും 60 കിലോ ചാക്കിന് ലഭിച്ചാൽ മാത്രമേ ഉൽപ്പാദനച്ചെലവുമായി തട്ടിച്ചുനോക്കുമ്പോൾ കർഷകർക്ക് ഗുണമുണ്ടാവൂ.
ഉൽപ്പാദനച്ചെലവിലെ വൻവർധനയും രോഗബാധയും കർഷകർക്ക് തിരിച്ചടിയാവുന്നുണ്ട്. കൃഷിച്ചെലവ് ഭീകരവും എന്നാൽ വിൽപ്പനക്കെത്തുമ്പോൾ ഇഞ്ചിക്ക് വിലയുമില്ല എന്ന സ്ഥിതിയാണെന്ന് കർഷകർ പറഞ്ഞു.
ഒരേക്കറിൽ കൃഷി ഇറക്കി വിളവെടുക്കാൻ ആറര ലക്ഷത്തോളം രൂപ ചെലവുവരുമെന്ന് കർഷകർ പറഞ്ഞു. കർണാടകത്തിൽ ഭൂമി പാട്ടത്തിനെടുത്താണ് അധികം പേരും കൃഷിയിറക്കുന്നത്. കൂടുതൽ ഉൽപ്പാദനം നടക്കുന്നതും കയറ്റുമതി ഇല്ലാത്തതുമാണ് വിലയിടിവിന്റെ പ്രധാന കാരണം. 20 ഏക്കറിന് മുകളിൽ കൃഷിചെയ്യുന്ന കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാവുക. അടുത്ത കൃഷിയിറക്കാൻ ഒരുക്കം നടത്തുന്നതിനും പണമില്ല.
വിത്തിനായുള്ള ഇഞ്ചി മാറ്റിവച്ച് അടുത്ത കൃഷിക്കൊരുങ്ങുന്ന കർഷകർ ബാങ്കുകളിൽനിന്നും സ്വകാര്യ സംരംഭകരിൽനിന്നുമെല്ലാം വായ്‌പയെടുത്താണ് കൃഷിയിറക്കുന്നത്. രാസവളം, കൂലി, ഭൂമിയുടെ പാട്ടം, മരുന്നുതളി എന്നിവക്കെല്ലാം വൻ തുകയാണ് ചെലവഴിക്കേണ്ടി വരുന്നതെന്നും കർഷകർ പറഞ്ഞു.
കാലവർഷത്തിലും
ഇഞ്ചികൃഷിക്ക് നാശം
വിലയിടിവിനൊപ്പം കാലവർഷവും ഇഞ്ചിക്കർഷകർക്ക് ദുരിതം സമ്മാനിച്ചു. മുണ്ടക്കൈ ഉരുൾപൊട്ടലടക്കമുണ്ടായ കാലവർഷത്തിൽ 53.780 ഹെക്ടറിലെ ഇഞ്ചിയാണ് നശിച്ചത്. 383 കർഷകരുടെ കൃഷിക്കാണ് നാശം. 53.78 ലക്ഷം രൂപയുടെ നാശമാണുണ്ടായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..