19 December Thursday

ദുരന്തബാധിതരും 
മനുഷ്യരാണ്‌ : ഇന്ന്‌ ഹർത്താൽ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024

ഹർത്താലിന്‌ മുന്നോടിയായി എൽഡിഎഫ്‌ പ്രവർത്തകർ മേപ്പാടിയിൽ നടത്തിയ പ്രകടനം

 കൽപ്പറ്റ

മുണ്ടക്കൈ–-ചൂരൽമല ദുരന്തബാധിതരോടുള്ള കേന്ദ്രസർക്കാരിന്റെ കൊടും ക്രൂരതക്കെതിരെ ജനകീയ പ്രതിഷേധത്തിന്റെ ഭാഗമായി ചൊവ്വാഴ്‌ച  വയനാട്‌  ഹർത്താൽ ആചരിക്കുന്നു.   ദുരന്തബാധിതരെ മനുഷ്യരായിപ്പോലും കാണാത്ത കേന്ദ്ര നിലപാടിനെതിരെ പ്രതിഷേധം പുകയുകയാണ്‌. രാവിലെ ആറ്‌ മുതൽ വൈകിട്ട്‌ ആറുവരെയാണ്‌ ഹർത്താൽ.  ഹർത്താലിന്‌ മുന്നോടിയായി എൽഡിഎഫ്‌ പ്രവർത്തകർ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധപ്രകടനം നടത്തി. 
ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച്‌  സഹായം നൽകണമെന്നാവശ്യപ്പെട്ട്‌ മൂന്നുതവണ കേരളം കേന്ദ്രത്തിന്‌  നിവേദനം  നൽകിയിട്ടും കേന്ദ്രം കേരളത്തെ അവഗണിക്കുകയായിരുന്നു. എൽഡിഎഫ്‌ നേതൃത്വത്തിൽ പ്രഖ്യാപിച്ച ഹർത്താലിന്‌  വർഗബഹുജനസംഘടനകളുൾപ്പടെയുള്ളവരിൽനിന്നും വൻ ജനപിന്തുണയാണ്‌ ലഭിക്കുന്നത്‌. യുഡിഎഫും   ഹർത്താലിന്‌ ആഹ്വാനംചെയ്‌തിട്ടുണ്ട്‌.   
    ദുരന്തത്തിന്‌ പിന്നാലെ  പ്രധാനമന്ത്രി വയനാട്‌ സന്ദർശിച്ച്‌ നിരവധി വാഗ്‌ദാനം നൽകിയിരുന്നു.  എന്നാൽ തുടർന്ന്‌ രാജ്യത്തെത്തന്നെ ഏറ്റവും വലിയ ഉരുൾപൊട്ടലായിട്ടും പ്രധാനമന്ത്രിയും കേന്ദ്രവും ജില്ലയെ സഹായിക്കാതെ ശത്രുതാപരമായ നിലപാട്‌ സ്വീകരിക്കുകയായിരുന്നു.   ഹർത്താലിന്റെ പ്രചാരണത്തിനും വിജയത്തിനുമായി  തിങ്കളാഴ്‌ച എല്ലാ  പഞ്ചായത്ത്‌ കേന്ദ്രങ്ങളിലും എൽഡിഎഫ്‌ നേതൃത്വത്തിൽ  പ്രകടനം നടത്തി. വയനാടിന്‌ അർഹമായ ധനസഹായം ലഭ്യമാകുന്നതുവരെ പ്രക്ഷോഭം തുടരാനാണ്‌ എൽഡിഎഫ്‌ തീരുമാനം. എൽഡിഎഫ്‌ ഹർത്താലിൽ ശബരിമല തീർഥാടകരെയും അവശ്യസർവീസുകളും ഒഴിവാക്കിയിട്ടുണ്ട്‌.
ഹർത്താലിന് മുന്നോടിയായി മാനന്തവാടിയിൽ സിപിഐ എം പ്രവർത്തകർ പ്രകടനം നടത്തി. ഗാന്ധിപാർക്കിൽ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി ഗാന്ധിപാർക്കിൽ തന്നെ സമാപിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി വി സഹദേവൻ, ഏരിയാ സെക്രട്ടറി പി ടി ബിജു, എം റെജീഷ്, കെ എം വർക്കി, കെ എം അബ്ദുൽ ആസിഫ്, കെ ടി വിനു, കെ വി ജുബൈർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
ഹർത്താൽ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട്‌  എൽഡിഎഫ് കൽപ്പറ്റ മുൻസിപ്പൽ കമ്മിറ്റി പ്രകടനം നടത്തി. പി കെ അബു, പി കെ ബാബുരാജ് , വി ബാവ, സി കെ ശിവരാമൻ, സി കെ നൗഷാദ്, ടി മണി, നാസർ എന്നിവർ നേതൃത്വം നൽകി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top