18 December Wednesday

ആദിവാസി വിഷയങ്ങൾ രാഷ്‌ട്രീയ മുതലെടുപ്പ്‌ ശ്രമം വിലപ്പോകില്ല: എൽഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024

 

കൽപ്പറ്റ
മാനന്തവാടിയിലുണ്ടായ ആദിവാസി പ്രശ്‌നങ്ങളിലെ രാഷ്‌ട്രീയ മുതലെടുപ്പ്‌ അവസാനിപ്പിക്കണമെന്ന്‌ എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ആദിവാസി യുവാവിനെ കാറിൽ റോഡിൽ വലിച്ചിഴക്കുകയും വയോധികയുടെ മൃതദേഹം സംസ്‌കാരത്തിനായി ഓട്ടോറിക്ഷയിൽ കൊണ്ടുപോയതിലും തെറ്റിദ്ധാരണ പരത്തി രാഷ്‌ട്രീയ മുതലെടുപ്പിന്‌ ശ്രമം നടത്തുകയാണ്‌. യുവാവിനെതിരെയുള്ള അതിക്രമത്തിൽ മുഖ്യമന്ത്രിയും പട്ടികവർഗ വകുപ്പ്‌ മന്ത്രിയും കർശന നിലപാടാണ്‌ സ്വീകരിച്ചത്‌. അടിയന്തര നടപടിക്ക്‌ മുഖ്യമന്ത്രി ഡിജിപിക്ക്‌ നിർദേശം നൽകി. രണ്ട്‌ പ്രതികളെ അതിവേഗം പിടികൂടി. രണ്ടുപേർക്കായി അന്വേഷണം ഊർജിതമാണ്‌. ലുക്കൗട്ട്‌ നോട്ടീസ്‌ ഉൾപ്പെടെ പുറപ്പെടുവിച്ചു. കാറ്‌ കസ്‌റ്റഡിയിലെടുത്തു. ഇതര സംസ്ഥാനങ്ങളിലുൾപ്പെടെ പൊലീസ്‌ അന്വേഷണം പുരോഗമിക്കുകയാണ്‌. പട്ടികജാതി–-പട്ടികവർഗക്കാർക്കെതിരെയുള്ള അതിക്രമം അന്വേഷിക്കുന്ന സ്‌പെഷ്യൽ മൊബൈൽ സ്‌ക്വാഡിന്‌ കേസ്‌ കൈമാറി. 
എടവക വീട്ടിച്ചാൽ നാലുസെന്റ്‌ ഉന്നതിയിലെ ചുണ്ടയുടെ മൃതദേഹം സംസ്‌കരിക്കാൻ ഓട്ടോറിക്ഷയിൽ കൊണ്ടുപോയത്‌ ദൗർഭാഗ്യകരമാണ്‌. എന്നാൽ ആംബുലൻസ്‌ ഒരുക്കിക്കൊടുക്കാൻ ഉത്തരവാദിത്വപ്പെട്ടവർ അത്‌ ചെയ്യാതെ രാഷ്‌ട്രീയമായി ഇടപെട്ടത്‌ അങ്ങേയറ്റം അപലപനീയമാണ്‌. ആദിവാസികളോടുള്ള വഞ്ചനയും മൃതദേഹത്തോടുള്ള അനാദരവുമാണ്‌. ആംബുലൻസ്‌ ഏർപ്പെടുത്താൻ ട്രൈബൽ പ്രൊമോട്ടറെക്കാൾ ഉത്തരവാദിത്വം വാർഡ്‌ മെമ്പർക്കും പഞ്ചായത്ത്‌ ഭരണസമിതിക്കുമുണ്ട്‌. അത്‌ നിർവഹിക്കാതെ പ്രൊമോട്ടറെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തത്‌  അംഗീകരിക്കാനാകില്ല.
 പ്രൊമോട്ടർ ആംബുലൻസ്‌ സൗകര്യം ഒരുക്കിയതാണ്‌. സംസ്‌കാരത്തിന്റെ സമയത്തിലുണ്ടായ മാറ്റമാണ്‌ ആശയക്കുഴപ്പത്തിനിടയാക്കിയത്‌. ആംബുലൻസ്‌ ഉടൻ എത്തുമെന്നും കാത്തുനിൽക്കണമെന്നുമുള്ള പ്രൊമോട്ടറുടെ അഭ്യർഥന മാനിക്കാതെയാണ്‌ ചിലർ ഇടപെട്ട്‌ ഓട്ടോയിൽ മൃതദേഹം കൊണ്ടുപോയത്‌. ഇവർ തന്നെ ഇതിന്റെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു. ദുഷ്ടലാക്കോടെയായിരുന്നു ഇവരുടെ ഇടപെടൽ. ഈ സംഭവങ്ങളുടെ പേരിൽ പട്ടികവർഗ വകുപ്പ്‌ മന്ത്രിയെ ഒറ്റപ്പെടുത്താനും ഒറ്റതിരിച്ച്‌ ആക്രമിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും എൽഡിഎഫ്‌ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top