18 December Wednesday

കൊടിമര, പതാക ജാഥകൾ നാളെ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024
ബത്തേരി
സിപിഐ എമ്മിന്റെ ഇരുപത്തിനാലാം പാർടി കോൺഗ്രസിന്‌ മുന്നോടിയായുള്ള വയനാട്‌ ജില്ലാ സമ്മേളനം 21 മുതൽ 23വരെ ബത്തേരിയിൽ നടത്തുമെന്ന്‌ ജില്ലാ സെക്രട്ടറി പി ഗഗാറിനും സംഘാടകസമിതി ഭാരവാഹികളും വാർത്താസമ്മേളനത്തിൽ അറിയിച്ചു.   പ്രതിനിധി സമ്മേളനം പി എ മുഹമ്മദ്‌ നഗറിലും (എടത്തറ ഓഡിറ്റോറിയം) പൊതുസമ്മേളനം സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്‌ണൻ നഗറിലും (നഗരസഭാ സ്‌റ്റേഡിയം) ആണ്‌. സമ്മേളനത്തിന്റെ കൊടിമര, പതാക ജാഥകൾ വെള്ളിയാഴ്‌ച നടത്തും. പതാകജാഥ മേപ്പാടിയിൽ പി എ മുഹമ്മദിന്റെ സ്‌മൃതിമണ്ഡപത്തിൽനിന്ന്‌ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എ എൻ പ്രഭാകരന്റെ നേതൃത്വത്തിലും കൊടിമരജാഥ പുൽപ്പള്ളിയിൽ പി കെ മാധവന്റെ സ്‌മൃതിമണ്ഡപത്തിൽനിന്ന്‌ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം പി വി സഹദേവന്റെ നേതൃത്വത്തിലും പ്രയാണം നടത്തും. വൈകിട്ട്‌ ഇരുജാഥകളും കോട്ടക്കുന്നിൽ സംഗമിച്ച്‌ പ്രകടനമായി പൊതുസമ്മേളന നഗരിയിലെത്തി കൊടി ഉയർത്തും. 
ശനിയാഴ്‌ച രാവിലെ 10ന്‌ സമ്മേളനം പോളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ  ഉദ്‌ഘാടനം ചെയ്യും. 11,678 പാർടി അംഗങ്ങളെയും ലക്ഷക്കണക്കിന്‌ പ്രവർത്തകരെയും പ്രതിനിധീകരിച്ച്‌ 217പേർ സമ്മേളനത്തിൽ പങ്കെടുക്കും.  ഞായറാഴ്‌ച നഗരസഭാ കമ്മ്യൂണിറ്റി ഹാളിൽ  വൈകിട്ട്‌ അഞ്ചിന്‌ സാംസ്‌കാരിക സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം ഉദ്‌ഘാടനംചെയ്യും.  കെ ഇ എൻ കുഞ്ഞഹമ്മദ്‌ മുഖ്യപ്രഭാഷണം നടത്തും.  സമാപന ദിവസമായ തിങ്കൾ വൈകിട്ട്‌ പൊതുസമ്മേളനത്തിൽ എ വിജയരാഘവൻ, എളമരം കരീം,  ഇ പി ജയരാജൻ, പി കെ ശ്രീമതി, ടി പി രാമകൃഷ്‌ണൻ, മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌, പി കെ ബിജു എന്നിവർ പങ്കെടുക്കും. ചുവപ്പ്‌സേനാ മാർച്ചും കാൽ ലക്ഷംപേർ അണിരക്കുന്ന ബഹുജന പ്രകടനവും നടത്തും.
 വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ വി വി ബേബി, കൺവീനർ പി ആർ ജയപ്രകാശ്‌, ട്രഷറർ സുരേഷ്‌ താളൂർ, നഗരസഭ ചെയർമാൻ ടി കെ രമേശ്‌, കെ വൈ നിധിൻ, ലിജോ ജോണി, പി കെ രാമചന്ദ്രൻ എന്നിവരും പങ്കെടുത്തു. 
ജീവൽ പ്രശ്‌നങ്ങൾ 
ചർച്ചയാകും
ജില്ലയിലെ ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകളും തീരുമാനങ്ങളും സമ്മേളനത്തിൽ ഉണ്ടാകുമെന്ന്‌ ജില്ലാ സെക്രട്ടറി പി ഗഗാറിൻ പറഞ്ഞു. മുണ്ടക്കൈ–-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം, വന്യമൃഗശല്യ പരിഹാരം, രാത്രിയാത്ര നിരോധനം, ബദൽപാത, ആദിവാസി ഭൂപ്രശ്‌നങ്ങൾ, വയനാട്‌ റെയിൽവേ, വിദ്യാഭ്യസ മേഖലയിലെ പുരോഗതി തുടങ്ങി ജില്ലയുടെ ആവശ്യങ്ങൾ നേടിയെടുക്കാനുള്ള  തീരുമാനങ്ങളും പ്രക്ഷോഭങ്ങളും  സമ്മേളനം കൈകൊള്ളും.
  1973ൽ രൂപീകരിച്ച സിപിഐ എം ജില്ലാ കമ്മിറ്റിയുടെ 16–-ാം സമ്മേളനമാണ്‌ ബത്തേരിയിൽ നടക്കുന്നത്‌. കമ്മിറ്റി രൂപീകരിച്ച്‌ 50 വർഷം പൂർത്തിയായശേഷമുള്ള സമ്മേളനമാണ്‌.  ആദ്യസമ്മേളനത്തിൽ നാലു ലോക്കൽകമ്മിറ്റികൾ മാത്രമാണുണ്ടായിരുന്നത്‌.
  നിലവിൽ  66 ലോക്കൽ കമ്മിറ്റികളായി. 823 ബ്രാഞ്ച്‌ സമ്മേളനങ്ങളും 66 ലോക്കൽ സമ്മേളനങ്ങളും എട്ട്‌ ഏരിയാ സമ്മേളനങ്ങളും പൂർത്തിയാക്കിയാണ്‌ ജില്ലാ സമ്മേളനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top