08 September Sunday
വനപാതയിൽ കുടുങ്ങി യാത്രക്കാർ

രാത്രിയിൽ മണിക്കൂറുകൾനീണ്ട രക്ഷാദൗത്യം

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024

വനപാതയിൽനിന്നും യാത്രക്കാരെ രക്ഷപ്പെടുത്തി ബത്തേരി കെഎസ്‌ആർടിസി ഡിപ്പോയിലേക്ക്‌ എത്തിക്കുന്നു

ബത്തേരി
ദേശീയപാതയിൽ വനത്തിൽ കുടുങ്ങിയ വാഹനയാത്രക്കാരെ രക്ഷപ്പെടുത്താൻ  അഗ്നിരക്ഷാസേനയും പൊലീസും രാത്രിയിൽ നടത്തിയത്‌ അശ്രാന്തപരിശ്രമം.  വ്യാഴം വൈകിട്ട്‌ അഞ്ചിനുശേഷമാണ്‌ കോഴിക്കോട്‌–-കൊല്ലഗൽ ദേശീയപാതയിൽ മുത്തങ്ങപ്പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന്‌ വെള്ളംകയറിയത്‌. വൈകിട്ട്‌ ആറോടെ ഒരു മീറ്ററിലധികം ഉയരത്തിൽ റോഡിൽ പൊൻകുഴിക്കും തകരപ്പാടിക്കും ഇടയിൽ രണ്ടിടത്ത്‌ വെള്ളക്കെട്ടുണ്ടായി. കർണാടക ഭാഗത്തുനിന്ന്‌ എത്തിയ കാറുകളും കെഎസ്‌ആർടിസി ബസുകളും ചരക്ക്‌ ലോറിയും റോഡിൽനിന്ന്‌ വെള്ളം ഇറങ്ങുന്നതും കാത്ത്‌ നിർത്തിയിട്ടു. നേരം ഇരുട്ടിയിട്ടും വെള്ളം കുറഞ്ഞില്ല. മഴ ശക്തമായി. രാത്രിയോടെ  വെള്ളക്കെട്ട്‌ കൂടുകയും വനപ്രദേശത്ത്‌ ഇരുട്ട്‌ വ്യാപിക്കുകയും ചെയ്‌തു. ഇതോടെ നിർത്തിയിട്ട വാഹനങ്ങളിലെ യാത്രക്കാർ ഭീതിയിലായി. 10.30ഓടെ  ബത്തേരിയിൽനിന്ന്‌ സ്‌റ്റേഷൻ ഓഫീസർ പി നിധീഷ്‌കുമാറിന്റെ നേതൃത്വത്തിൽ ഇരുപതോളം വരുന്ന അഗ്നിരക്ഷാസേന അംഗങ്ങൾ ആംബുലൻസ്‌, പിക്കപ്പ്‌, ജീപ്പ്‌ തുടങ്ങിയ വാഹനങ്ങളുമായി മുത്തങ്ങയിൽ കാനനസഞ്ചാരം നടത്തുന്ന വനപാതയിലൂടെ പൊൻകുഴി ഭാഗത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.   യാത്രക്കാരെ  വാഹനങ്ങളിൽ പലതവണകളായി മുത്തങ്ങയിലെത്തിച്ചു.  ഒന്നരയോടെ റോഡിൽനിന്ന്‌ വെള്ളം ഇറങ്ങിയതോടെ വഴിയിൽ കുടുങ്ങിയ എട്ട്‌ കെഎസ്‌ആർടിസി ബസുകൾ, ഇരുപതോളം കാറുകൾ, 17 ചരക്ക്‌ ലോറികൾ എന്നിവ യാത്രക്കാരെ ഒഴിവാക്കി അഗ്നിരക്ഷാസേന കടത്തിവിട്ടു. ബത്തേരി ഭാഗത്തുനിന്ന്‌ കർണാടകത്തിലേക്കുള്ള രണ്ട്‌ കർണാടക ഡീലക്‌സ്‌ ബസുകളടക്കമുള്ള ഏതാനും വാഹനങ്ങളും കടത്തിവിട്ടു. വഴിയിൽ കുടുങ്ങിയ യാത്രക്കാർക്ക്‌ അഗ്നിരക്ഷാസേനയും ബത്തേരി വികസനം വാട്‌സ്‌ആപ്‌ കൂട്ടായ്‌മയും ഭക്ഷണസാധനങ്ങളും കുടിവെള്ളവും എത്തിച്ചിരുന്നു. 
യാത്രക്കാരെ  രക്ഷപ്പെടുത്തുന്നതിനിടെ  വാഹനത്തിന്‌ മുമ്പിൽ ഒറ്റയാൻ നിലയുറപ്പിച്ചെങ്കിലും പിന്നീട്‌ മാറി.  പുലർച്ചെയോടെയാണ്‌  ദേശീയപാതയിൽ ഗതാഗതം സാധാരണ നിലയിലായത്.  രണ്ടുവർഷം മുമ്പത്തെ കാലവർഷത്തിലും മുത്തങ്ങയ്‌ക്കും പൊൻകുഴിക്കുമിടയിലും റോഡിൽ വെള്ളക്കെട്ട്‌ ഉണ്ടാവുകയും യാത്രക്കാരെ വനപാത വഴി രക്ഷപ്പെടുത്തുകയും ചെയ്‌തിരുന്നു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top