08 September Sunday

ദുരിതാശ്വാസ ക്യാമ്പുകളിൽ 
മികച്ച സംവിധാനങ്ങൾ: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024

കലക്ടറേറ്റിൽ മഴക്കാല അവലോകന യോഗത്തിൽ മന്ത്രി എ കെ ശശീന്ദ്രൻ സംസാരിക്കുന്നു

 
കൽപ്പറ്റ
ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ സൗകര്യങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന്‌ മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. കലക്ടറേറ്റിൽ മഴക്കാല പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിനുശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ക്യാമ്പുകളിൽ ഭക്ഷണവും ചികിത്സയും ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്‌. മറ്റു സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്‌.
മൂന്ന് താലൂക്കുകളിലായി 42 ക്യാമ്പുകളിൽ 2305 പേരാണുള്ളത്‌. മികച്ച സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്‌. എല്ലാ ക്യാമ്പുകളിലും ആരോഗ്യ പ്രവർത്തകരെ വിന്യസിച്ചിട്ടുണ്ട്. ജില്ലയിലെ നദികളിലെ നീരൊഴുക്ക് സംബന്ധിച്ച് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മഴക്കാല പ്രതിരോധ പ്രവർത്തനങ്ങൾ  ജാഗ്രതയോടെയാണ് നടത്തുന്നത്‌.
മഴയിലും കാറ്റിലും 560 വൈദ്യുതത്തൂണുകൾ തകർന്നു. രണ്ട്‌ ട്രാൻസ്‌ഫോർമറുകൾക്കും കേടുപാട്‌ സംഭവിച്ചു. വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടാതെ കെഎസ്ഇബി ജാഗ്രത പുലർത്തുന്നുണ്ട്.
ജില്ലയിലെ അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ല. ജില്ലാ അധികൃതരും ജലസേചന വകുപ്പും കൃത്യമായി ജാഗ്രത പുലർത്തുന്നുണ്ട്‌. കലക്ടർ കർണാടകം അധികൃതരും ജലസേചനവകുപ്പുമായും നിരന്തരം ബന്ധപ്പെടുകയും ഡാം തുറക്കലുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിർവഹിക്കുന്നുമുണ്ട്‌. ബത്തേരി കല്ലൂർ കോളനിയിൽ അടിയന്തര ശ്രദ്ധ ആവശ്യമാണ്‌. ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റാൻ നിർദേശം നൽകിയിട്ടുണ്ട്‌. ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ജില്ലാ അധികൃതർ മികച്ച പ്രവർത്തനമാണ്‌ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. കലക്ടർ ഡി ആർ മേഘശ്രീ, എഡിഎം കെ ദേവകി, സബ് കലക്ടർ മിസാൽ സാഗർ ഭരത്, അസിസ്റ്റന്റ് കലക്ടർ ഗൗതംരാജ്, എച്ച്എസ് വി കെ ഷാജി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top