മാനന്തവാടി
ശബരിമല തീർഥാടനം കഴിഞ്ഞുവരികയായിരുന്ന കർണാടകം സ്വദേശികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് 27 പേർക്ക് പരിക്ക്. തിരുനെല്ലി തെറ്റ് റോഡിന് സമീപം ചൊവ്വ രാവിലെ ആറോടെയാണ് ബസ് ഒരു വശത്തേക്ക് മറിഞ്ഞത്. രണ്ട് കുട്ടികളുൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. എല്ലാവരെയും മാനന്തവാടിയിലെ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ആരുടെയും പരിക്ക് ഗുരുതരമല്ല. മൈസൂരു ഹുൻസൂർ ബിലികെരെ സ്വദേശികളായ മുത്തുസ്വാമി (42), നിരഞ്ജൻ (19), സാഗർ (17), സഞ്ജയ് (30), ശ്രേയസ് (24), യതീഷ് (14), ഹേമന്ത് കുമാർ (29), സച്ചിൻ (25), പുണ്യശ്രീ (8), ജീവ (17), എം രവി (38), പ്രദീപ് (35), സുരേഷ് (42), രാജു (53), മനു (21), വാസു (31), ഹരീഷ് (39), ജയകുമാർ (28), പ്രവീൺ (27), എം രവി (36), ആർ എം പ്രഭു (26), രാജേഷ് (45), കിരൺ (19), നിശ്ചൽ (19), ഹേമന്ത് (24), ചേതൻ (24), ഹരീഷ് (39) എന്നിവർക്കാണ് പരിക്കേറ്റത്.
ഹർത്താൽ തടസ്സമായില്ല; രക്ഷാപ്രവർത്തനം അതിവേഗം
ചൊവ്വാഴ്‌ച വയനാട് ഹർത്താൽ ആയിരുന്നെങ്കിലും ശബരിമല യാത്രക്കാർ സഞ്ചരിച്ച ബസ് മറിഞ്ഞപ്പോൾ രക്ഷാപ്രവർത്തനത്തിന് ഒട്ടും താമസമുണ്ടായില്ല. നാട്ടുകാരുടെ നേതൃത്വത്തിൽ കിട്ടിയ വാഹനങ്ങളിൽ പരിക്കേറ്റവരെ മാനന്തവാടിയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചു. പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. മന്ത്രി ഒ ആർ കേളുവിന്റെ നിർദേശപ്രകാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൂടുതൽ ഡോക്ടർമാരും ജീവനക്കാരുമെത്തി. പരിക്കേറ്റവർക്ക് ചികിത്സ പൂർണമായും സൗജന്യമാക്കി. ചായയും ലഘുഭക്ഷണവും നൽകി. മന്ത്രിയുടെ നിർദേശപ്രകാരം ഉച്ചയോടെ പ്രത്യേക ബസ് എത്തിച്ച് ആശുപത്രിയിൽനിന്ന് എല്ലാവരെയും കാട്ടിക്കുളം പൊലീസ് എയ്ഡ്‌പോസ്റ്റിൽ എത്തിച്ചു. കർണാടകത്തിൽനിന്ന് ഇവിടേക്ക് ബസ് എത്തിയിരുന്നു. പരിക്കേറ്റവരും അല്ലാത്തവരും ഈ ബസിൽ യാത്ര തുടർന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..