26 December Thursday

പുളിയാർമല –മുണ്ടേരി തകർന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024
കൽപ്പറ്റ
ഓഫ്‌റോഡിനെ തോൽപ്പിക്കുന്ന നാലുകിലോമീറ്റർ നഗരസഭാ പാത. എണ്ണിത്തീരാത്ത പാതാളക്കുഴികൾ. ചെളിയും പൊടിയും താണ്ടിയുള്ള ദുരിതയാത്ര. അപകടം വിളിച്ചുവരുത്തുന്ന ചരൽക്കൂട്ടം. കെടുകാര്യസ്ഥതയുടെ അങ്ങേയറ്റവും കടന്ന്‌ പുളിയാർമല–-മണിയങ്കോട്‌–മുണ്ടേരി റോഡ്‌ തകർന്നുതരിപ്പണമായിട്ട്‌ മൂന്നുവർഷം പിന്നിടുന്നു.- പൊട്ടിപ്പൊളിഞ്ഞ്‌ പൂർണമായും ഗതാഗത യോഗ്യമല്ലാതായിട്ടും പുനർനിർമിക്കാൻ നഗരസഭയിൽ നടപടിയൊന്നുമില്ല. ദിവസേന ആയിരക്കണക്കിന്‌ ജനങ്ങൾ ആശ്രയിക്കുന്ന റോഡിനോട്‌ കടുത്ത അവഗണന പുലർത്തുകയാണ്‌ ഭരണസമിതി. 
 മൂന്നുവാർഡുകൾ ഉൾപ്പെടുന്ന നഗരസഭയിലെ ഏറ്റവും പ്രധാനപാതയാണിത്‌. റോഡ്‌ പുനർനിർമിക്കണമെന്ന്‌ മൂന്നുവാർഡുകളിലെയും കൗൺസിലർമാരും ജനങ്ങളും നിരന്തരം ആവശ്യപ്പെട്ടിട്ടും കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌ നഗരസഭ. മാനന്തവാടി–-കൽപ്പറ്റ പ്രധാനപാതയിൽ പുളിയാർമലയിൽനിന്ന്‌ തിരിഞ്ഞ്‌ കൽപ്പറ്റയിലേക്ക്‌ ബൈപാസാക്കിപ്പോലും ഉയർത്താനാകുന്ന റോഡിനോടാണ്‌ തികഞ്ഞ അനാസ്ഥ പുലർത്തുന്നത്‌. വീതികൂട്ടി നിലവാരത്തിൽ വികസിപ്പിച്ചാൽ കൈനാട്ടി മുതലുള്ള നഗരത്തിലെ ഗതാഗതത്തിരക്കിന്‌ വലിയ പരിഹാരമാകും. 
 മോട്ടോർ വാഹന വകുപ്പിന്റെ ഡ്രൈവിങ് ടെസ്റ്റും വാഹനങ്ങളുടെ സിഎഫ്‌ ടെസ്റ്റുമെല്ലാം ഈ റോഡിലാണ്‌ നടക്കുന്നത്‌. ഗവ. ഐടിഐ, സ്‌കൂളുകൾ ഉൾപ്പെടെയുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാം പ്രദേശത്തുണ്ട്‌. മഴപെയ്താൽ തോടിന്‌ സമാനമായ രീതിയിലാണ്‌ റോഡിന്റെ അവസ്ഥ. ചുരുങ്ങിയത്‌ ഓരോ 25 മീറ്ററിനുള്ളിലും അപകടക്കെണിയുള്ള കുഴികളുണ്ട്‌. ഭൂരിഭാഗം ദിവസങ്ങളിലും വാഹനാപകടം പതിവാണ്‌. പൊടിശല്യവും രൂക്ഷം. റോഡ്‌ തകർന്നതോടെ ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള ടാക്‌സി വാഹനങ്ങൾ പ്രദേശത്ത്‌ വരാൻ തയ്യാറാകുന്നില്ലെന്ന്‌ നാട്ടുകാർ പറഞ്ഞു. സിപിഐ എമ്മിന്റെ നേതൃത്വത്തിലും ജനകീയമായുമെല്ലാം നിരവധി സമരങ്ങൾ നടന്നിട്ടും ജനങ്ങളുടെ ബുദ്ധിമുട്ടും പ്രതിസന്ധിയും നഗരസഭ കാണുന്നില്ല. അടിയന്തരമായി ആവശ്യമായ ഫണ്ട്‌ വകയിരുത്തി ദുരവസ്ഥയ്‌ക്ക്‌ പരിഹാരം കാണണമെന്നാണ്‌ നാട്ടുകാർ ആവശ്യപ്പെടുന്നത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top