കൽപ്പറ്റ
ഉരുളെടുത്തുപോയ ജനതയോടുള്ള കേന്ദ്രസർക്കാരിന്റെ ക്രൂരതയ്‌ക്കെതിരെ ഒറ്റക്കെട്ടായി പ്രതികരിച്ച് വയനാട്. മുണ്ടക്കൈ–-ചൂരൽമല ദുരന്തബാധിതരെ മനുഷ്യരായിപ്പോലും കാണാത്ത കേന്ദ്രസർക്കാരിന്റെ നിലപാടിനെതിരെ നടത്തിയ ഹർത്താൽ നാടിന്റെയാകെ പ്രതിഷേധമായി. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും നേതൃത്വത്തിൽ പ്രഖ്യാപിച്ച ഹർത്താലിൽ ജില്ല നിശ്ചലമായി.
നഗര–-ഗ്രാമ വ്യത്യാസമില്ലാതെ കടകമ്പോളങ്ങളടഞ്ഞുകിടന്നു. പൊതുഗതാഗതം നിലച്ചതോടെ റോഡുകൾ ഒഴിഞ്ഞു. തൊഴിലാളികൾ, സർക്കാർ ജീവനക്കാർ, വ്യാപാരികൾ എന്നിവരെല്ലാം ഹർത്താലിന് പിന്തുണയർപ്പിച്ച് രംഗത്തിറങ്ങി. സർക്കാർ ഓഫീസുകൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. തദ്ദേശസ്ഥാപനാടിസ്ഥാനത്തിൽ എല്ലാ കേന്ദ്രങ്ങളിലും എൽഡിഎഫ് നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. പല കേന്ദ്രങ്ങളിലും റോഡ് ഉപരോധവും നടന്നു. യുഡിഎഫ് നേതൃത്വത്തിൽ കൽപ്പറ്റയിൽ ഹെഡ് പോസ്‌റ്റ് ഓഫീസ് മാർച്ച് നടത്തി.
ഉരുൾപൊട്ടൽ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് സഹായം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ഹർത്താൽ. കേന്ദ്രം കേരളത്തോട് പകവീട്ടുമ്പോഴും സമാനതകളില്ലാത്ത ഇടപെടലുകളിലൂടെ ദുരന്തബാധിതരെ കേരള സർക്കാർ ചേർത്തുനിർത്തിയത് എൽഡിഎഫ് ഉയർത്തിക്കാട്ടി. മൂന്നുതവണ കേരളം കേന്ദ്രത്തിന് നിവേദനം നൽകിയിട്ടും കേന്ദ്രം കേരളത്തെ അവഗണിക്കുകയായിരുന്നു.
ദുരന്തത്തിന് പിന്നാലെ വയനാട് സന്ദർശിച്ച പ്രധാനമന്ത്രിയുടെ കാപട്യം ഹർത്താലിൽ തുറന്നുകാട്ടപ്പെട്ടു. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ നടന്ന ഹർത്താൽ സമാധാനപരമായിരുന്നു. വയനാടിന് അർഹമായ ധനസഹായം ലഭ്യമാകുന്നതുവരെ പ്രക്ഷോഭം തുടരാനാണ് എൽഡിഎഫ് തീരുമാനം.
പ്രകടനവും റോഡ് ഉപരോധവും
കൽപ്പറ്റ
ഉരുൾപൊട്ടൽ ദുരന്തബാധിതരോടുള്ള കേന്ദ്രസർക്കാർ സമീപനത്തിനെതിരെ നടന്ന ഹർത്താലിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ പ്രകടനവും റോഡ് ഉപരോധവും നടന്നു.
കൽപ്പറ്റയിൽ പ്രതിഷേധം എൽഡിഎഫ് കൺവീനർ സി കെ ശശീന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. എൽഡിഎഫ് നേതാക്കളായ പി കെ അനിൽകുമാർ, കെ റഫീഖ്, കെ സുഗതൻ, വി ഹാരിസ്, വി ബാവ, ടി ജി ബീന എന്നിവർ നേതൃത്വം നൽകി. ബത്തേരിയിൽ വി വി ബേബി, പി ആർ ജയപ്രകാശ്, പി കെ രാമചന്ദ്രൻ, കെ സി യോഹന്നാൻ, കെ വൈ നിധിൻ, പി ജി സോമനാഥൻ, കെ അമീർ എന്നിവർ നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..