വൈത്തിരി
കൽപ്പറ്റയിലെ എൻഎഫ്എസ്എ ഗോഡൗണിലേക്ക് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം മാറ്റിയ വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസ് തിരികെ വൈത്തിരിയിൽ തുറക്കുമെന്ന് മന്ത്രി ജി ആർ അനിൽ അനിൽ അറിയിച്ചു. വ്യാഴം പകൽ പന്ത്രണ്ടോടെ വൈത്തിരിയിലെത്തിയ മന്ത്രി നിലവിൽ സപ്ലൈ ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടവും ഓഫീസിനായി സമീപത്ത് പഞ്ചായത്ത് നവീകരണ പ്രവൃത്തികൾ നടത്തുന്ന കെട്ടിടവും പരിശോധിച്ചു. പിന്നീട് പഞ്ചായത്ത് ഓഫീസിൽ എത്തി പ്രസിഡന്റ് എം വി വിജേഷ് പഞ്ചായത്ത് അംഗങ്ങൾ എന്നിവരുമായി ചർച്ച നടത്തി. ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഓഫീസ് മാറ്റാനുള്ള ഉത്തരവ് ഇറങ്ങിയതെന്നും ഇത് പിൻവലിക്കുമെന്നും മന്ത്രി ജനപ്രതിനിധികളെയും പൊതുജനങ്ങളെയും അറിയിച്ചു. ജനവിരുദ്ധമായ ഒരുനടപടിയും സർക്കാർ സ്വീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഓഫീസ് വൈത്തിരിയിൽ പുനരാരംഭിക്കാൻ ജില്ലാ സപ്ലൈ ഓഫീസർക്ക് മന്ത്രി നിർദേശവും നൽകി.
കഴിഞ്ഞ തിങ്കൾ രാത്രിയാണ് ആരുമറിയാതെ ഓഫീസ് കൽപ്പറ്റയിലേക്ക് മാറ്റിയത്. ചൊവ്വ രാവിലെയാണ് ഓഫീസ് മാറ്റിയത് പഞ്ചായത്തും ജനപ്രതിനിധികളും നാട്ടുകാരും അറിയുന്നത്. തുടർന്ന് സർവകക്ഷി നേതൃത്വത്തിൽ ജില്ലാ സപ്ലൈ ഓഫീസ് ഉപരോധിച്ചു. പ്രശ്നത്തിന് അടിയന്തര ഇടപെടൽ വേണമെന്ന് പഞ്ചായത്ത് ഭരണസമിതി ആവശ്യം ഉന്നയിച്ചപ്പോഴാണ് മന്ത്രി നേരിട്ടെത്തിയത്. സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു, വൈത്തിരി ഏരിയാ സെക്രട്ടറി സി യൂസഫ് എന്നിവരുമായും മന്ത്രി ചർച്ച നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..