20 December Friday

റിസോർട്ടുകൾ പൊളിച്ചുമാറ്റൽ : ജനുവരി ആദ്യവാരം ഉത്തരവ്‌ നടപ്പാക്കും

വെബ് ഡെസ്‌ക്‌Updated: Friday Dec 20, 2024

 

കൽപ്പറ്റ
 നെൻമേനി അമ്പുകുത്തിമലയിൽ ചരിത്ര സ്മാരകമായ എടക്കൽ ഗുഹക്ക്‌ പരിസരത്തായുള്ള റിസോർട്ട്‌ പൊളിച്ചുമാറ്റണമെന്ന ഉത്തരവിൽ അന്തിമ തീരുമാനം ജനുവരി എട്ടിന്‌ ശേഷം  ഗുഹയുടെ അഞ്ഞൂറ്‌ മീറ്റർ ചുറ്റളവിലുള്ള റിസോർട്ടുകൾ പൊളിച്ചുമാറ്റാൻ കഴിഞ്ഞ ദിവസമാണ്‌ സബ്‌ കലക്ടർ മിസൽ സാഗർ ഭരത്‌ ഉത്തരവിട്ടത്‌.  ഉത്തരവിൽ റിസോർട്ട്‌ ഉടമകൾക്ക്‌ മറുപടിനൽകാൻ  എട്ട്‌ വരെ  സമയം നൽകിയിട്ടുണ്ട്‌.  റിപ്പോർട്ടിന്‌ മറുപടി നൽകുന്നതിനൊപ്പം ഉത്തരവനെതിരെ റിസോർട്ട്‌ ഉടമകൾ കോടതിയെ സമീപിക്കാനും നീക്കമുണ്ട്‌. 
    പ്രകൃതിദുരന്തസാധ്യതാമേഖലയിൽ പ്രവർത്തിക്കുന്നുവെന്നു കണ്ടെത്തിയ ഏഴ് റിസോർട്ടും അനുബന്ധ നിർമിതികളും പൊളിച്ചുനീക്കാനാണ്‌ ഉത്തരവ്. അമ്പുകുത്തി ഈഗിൾ നെസ്റ്റ് റിസോർട്ട്, റോക്ക് വില്ല റിസോർട്ട്, എടക്കൽ വില്ലേജ് റിസോർട്ട്, അസ്റ്റർ ഗ്രാവിറ്റി റിസോർട്ട്, നാച്യുറിയ റിസോർട്ട്, ആർജി ഡ്യു റിസോർട്ട്, ഗോൾഡൻ ഫോർട്ട് റിസോർട്ട് എന്നിവയും നീന്തൽക്കുളം ഉൾപ്പെടെ മറ്റു നിർമിതികളുമാണ്‌ പൊളിക്കേണ്ടത്‌. 
   സെപ്തംബർ 28ലെ ജില്ലാ വികസന സമിതി യോഗത്തിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ് സബ് കലക്ടർ അമ്പുകുത്തിമലയിലെ അനധികൃത നിർമാണം വിഷയത്തിൽ ഇടപെട്ടത്.  നിർമാണത്തെക്കുറിച്ച്‌ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് ബത്തേരി തഹസിൽദാർ, ജില്ലാ ജിയോളജിസ്റ്റ്, ഹസാർഡ് അനലിസ്റ്റ്, മണ്ണ് സംരക്ഷണ ഓഫീസർ, ചെറുകിട ജലസേചന വിഭാഗം എക്‌സിക്യുട്ടീവ് എൻജിനിയർ എന്നിവരടങ്ങുന്ന സമിതിയെയും നിയോഗിച്ചു. സമിതി തയ്യാറാക്കിയ റിപ്പോർട്ട് ഡിസംബർ 12ന് സമർപ്പിച്ചു. അമ്പുകുത്തിമലയിൽ ഏഴ് റിസോർട്ടുകൾ പ്രകൃതിദുരന്ത സാധ്യതാ മേഖലയിലാണെന്ന്‌ ഇതിൽ ചൂണ്ടിക്കാട്ടിയിരുന്നു. നിർമിതികൾ പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നും പൊളിച്ചുനീക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശചെയ്തിരുന്നു. റിസോർട്ടുകളും അനുബന്ധ നിർമിതികളും പൊളിച്ചുതുടങ്ങുമ്പോഴും പൂർത്തിയാകുമ്പോഴുമുള്ള സാഹചര്യം റിപ്പോർട്ട്‌ ചെയ്യാൻ നെന്മേനി വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top