ബത്തേരി
ചരിത്രസ്‌മരണകൾ ഇരമ്പുന്ന ബത്തേരിയുടെ മണ്ണിൽ ജില്ലയിലെ കരുത്തുറ്റ തൊഴിലാളിവർഗ പ്രസ്ഥാനമായ സിപിഐ എമ്മിന്റെ ജില്ലാ സമ്മേളനത്തിന് വെള്ളി കൊടി ഉയരും. കൊടിമര, പതാക ജാഥകൾ പകൽ രണ്ടിന് ആരംഭിച്ച് വൈകിട്ട് ബത്തേരി കോട്ടക്കുന്നിൽ സംഗമിച്ച് പ്രകടനമായി പൊതുസമ്മേളന വേദിയായ സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്‌ണൻ (നഗരസഭാ സ്‌റ്റേഡിയം) നഗരിയിലെത്തി കൊടി ഉയർത്തും.
പതാകജാഥ മേപ്പാടിയിൽ പി എ മുഹമ്മദിന്റെ സ്‌മൃതിമണ്ഡപത്തിൽനിന്ന് ജില്ലാ സെക്രട്ടറിയറ്റ് അംഗം എ എൻ പ്രഭാകരന്റെ നേതൃത്വത്തിലും കൊടിമരജാഥ പുൽപ്പള്ളിയിൽ പി കെ മാധവന്റെ സ്‌മൃതിമണ്ഡപത്തിൽനിന്ന് ജില്ലാ സെക്രട്ടറിയറ്റ് അംഗം പി വി സഹദേവന്റെ നേതൃത്വത്തിലും പ്രയാണം നടത്തും. പകൽ രണ്ടിന് പി എ മുഹമ്മദിന്റെ കുടുംബാംഗങ്ങളിൽനിന്ന് പതാക ഏറ്റുവാങ്ങി ജില്ലാ സെക്രട്ടറി പി ഗഗാറിൻ ജാഥ ഉദ്‌ഘാടനംചെയ്യും. കൽപ്പറ്റ, മുട്ടിൽ, മീനങ്ങാടി, കൃഷ്‌ണഗിരി, ബീനാച്ചി എന്നിവിടങ്ങളിൽ സ്വീകരണം നൽകും.
കൊടിമരം പുൽപ്പള്ളിയിൽ പി കെ മാധവന്റെ കുടുംബാംഗങ്ങളിൽനിന്ന് ഏറ്റുവാങ്ങി സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ ഉദ്‌ഘാടനംചെയ്യും. ഇരുളം, കേണിച്ചിറ, ബീനാച്ചി എന്നിവിടങ്ങളിൽ സ്വീകരണം നൽകും.
ഇരുപത്തിനാലാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള പ്രതിനിധി സമ്മേളനം ശനി രാവിലെ 10ന് പി എ മുഹമ്മദ് നഗറിൽ പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനംചെയ്യും. 217 പ്രതിനിധികൾ പങ്കെടുക്കും. ഞായർ വൈകിട്ട് അഞ്ചിന് നഗരസഭാ കമ്യൂണിറ്റി ഹാളിൽ സാംസ്‌കാരിക സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം ഉദ്‌ഘാടനംചെയ്യും. സമാപന ദിവസമായ തിങ്കൾ വൈകിട്ട് കാൽ ലക്ഷംപേർ അണിരക്കുന്ന ബഹുജന പ്രകടനവും ചുവപ്പുസേനാ മാർച്ചും ഉണ്ടാകും.
വർണാഭമായി വിളംബര റാലി
ബത്തേരി
കലാരൂപങ്ങളും സാന്താക്ലോസിന്റെ ചുവടുകളും വാദ്യമേളങ്ങളുമായി മഹിളകളുടെ വിളംബര റാലി. യൂണിഫോം അണിഞ്ഞ് ചെങ്കൊടികളും ഒപ്പം നേതാക്കളുടെ ചിത്രങ്ങൾ ആലേഖനംചെയ്‌ത കൊടികളുമേന്തിയായിരുന്നു റാലി. കൂട്ടിക്കെട്ടിയ വർണബലൂണകളും ക്രിസ്‌മസ് ട്രീകളും ഉയർത്തി നീങ്ങി. തെയ്യവും കഥകളിരൂപവും റാലി വർണാഭമാക്കി.
വൈകിട്ട് നാലോടെ സിപിഐ എം ബത്തേരി ഏരിയാ കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിൽനിന്ന് ആരംഭിച്ച റാലി നഗരംചുറ്റി അസംപ്‌ഷൻ ജങ്‌ഷനിൽ സമാപിച്ചു. ജില്ലാ സെക്രട്ടറി ബീന വിജയൻ, സംസ്ഥാന വൈസ് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യൻ, ജില്ലാ പ്രസിഡന്റ് പി ആർ നിർമല, ടി ജി ബീന, എൽസി ജോർജ്, ബിന്ദു മനോജ്, ടി ജെ ശാലിനി എന്നിവർ നേതൃത്വംനൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..