22 December Sunday
705 പോസ്റ്റും 43 കിലോമീറ്റർ വൈദ്യുതിലൈനും തകർന്നു

കെഎസ്‌ഇബിക്ക്‌ നഷ്‌ടം
 1.75 കോടിരൂപ

സ്വന്തം ലേഖകൻUpdated: Sunday Jul 21, 2024

പുൽപ്പള്ളിയിൽ ഇലക്ട്രിക് ലെെനിൽ രാത്രിയും അറ്റകുറ്റപ്പണി നടത്തുന്ന കെഎസ്ഇബി ജീവനക്കാർ

കൽപ്പറ്റ
കാലവർഷത്തിൽ വിതരണശൃംഖലയിലെ കേടുപാടുകളിലൂടെ ജില്ലയിൽ കെഎസ്‌ഇബിക്ക്‌ നഷ്‌ടം 1.75 കോടി രൂപ. ജൂൺ മുതൽ ശനിവരെയുള്ള കണക്കാണിത്‌. മഴയിലും കാറ്റിലും 705 പോസ്റ്റും 43 കിലോമീറ്റർ വൈദ്യുതി ലൈനും തകർന്നു. അഞ്ച്‌ ട്രാൻസ്‌ഫോർമറുകൾ പൂർണമായും നശിച്ചു. 
 മഴയിലും കാറ്റിലും നിരന്തരം വെളിച്ചം കെടുമ്പോൾ 24മണിക്കൂറും സേവനം ഉറപ്പുവരുത്തിയാണ്‌ ജീവനക്കാർ വൈദ്യുതി പുനഃസ്ഥാപിക്കുന്നത്‌. ജില്ലാ  കൺട്രോൾ റൂം ആരംഭിച്ച്‌ നടത്തുന്ന പ്രവർത്തനത്തിലൂടെ കേടുപാടുകളോരോന്നും പരമാവധി വേഗത്തിൽ പരിഹരിച്ചുവരികയാണ്‌. വിതരണശൃംഖലയിലുണ്ടായ നാശനഷ്ടങ്ങളിൽ 95 ശതമാനവും ഇതുവരെ പരിഹരിച്ചുവെന്ന്‌ അധികൃതർ പറഞ്ഞു.
 മഴയിലും കാറ്റിലും തകർന്ന പോസ്റ്റ്‌ ഒന്നിന്‌ 11,500 രൂപവീതം കണക്കാക്കി 81 ലക്ഷം രൂപയാണ്‌ നഷ്‌ടമായത്‌. കിലോമീറ്ററിന്‌ 50,000 രൂപ ചെലവുവരുന്ന വൈദ്യുത ലൈനുകൾക്ക്‌ കേടുപാടുപറ്റിയതോടെ 21. 5 ലക്ഷംരൂപ നഷ്‌ടമായി. ട്രാൻസ്‌ഫോർമറുകൾ നശിച്ചതിലൂടെ 15 ലക്ഷം രൂപയാണ്‌ നഷ്‌ടം. 
മരങ്ങളും മറ്റും ഒടിഞ്ഞുവീണും പോസ്റ്റുകൾ കാറ്റിൽ നിലംപൊത്തിയുമെല്ലാം വൈദ്യുതി മുടങ്ങുമ്പോൾ രാപകൽ വ്യത്യാസമില്ലാതെയാണ്‌ കനത്തമഴയെ അവഗണിച്ച്‌ ജീവനക്കാരുടെ ഇടപെടൽ.
വേനലിലെ ഓട്ടം
മഴയിലും തീരുന്നില്ല
വേനലിലുണ്ടായ കടുത്തചൂടും ജൂണിൽ ആരംഭിച്ച്‌ നിലവിൽ ശക്തമായി പെയ്‌തിറങ്ങുന്ന കാറ്റോടുകൂടിയ മഴയും കെഎസ്‌ഇബി ജീവനക്കാരെ നിർത്താതെ ഓടിക്കുകയാണ്‌. മാർച്ച്‌ മുതൽ ചൂടുകൂടി സംസ്ഥാനത്താകെ വൈദ്യുതി ഉപയോഗം റെക്കോഡ്‌ മറികടന്നിരുന്നു. ഉപയോഗം കുത്തനെ ഉയർന്നതോടെ ഓവർലോഡിൽ ഫീഡറുകളും ട്രാൻസ്‌ഫോർമറുകളും വ്യാപകമായി തകരാറിലായി. 
രാത്രിയായിരുന്നു ഏറ്റവും ഉയർന്ന ഉപയോഗമെന്നതിനാൽ രാത്രി പത്തുമുതൽ പുലർച്ചെ നാലുവരെ തകരാറുകൾ പരിഹരിക്കാൻ ജീവനക്കാർ പെടാപ്പാടുപെട്ടു. വേനലൊഴിഞ്ഞ്‌ മഴയെത്തിയപ്പോൾ ലൈനും പോസ്റ്റും പൊട്ടിവീണുള്ള വൈദ്യുതി തടസ്സം പരിഹരിക്കാനുള്ള പ്രയത്നം തുടരുകയാണ്‌.
കോൾ സെന്റർ
 സഹായം തേടാം
മഴയിൽ വൈദ്യുതി മുങ്ങിയാൽ 1921 എന്ന കോൾ സെന്ററിന്റെ സഹായം തേടാം.    9496010625 എന്ന കൺട്രോൾ റൂം നമ്പർ വഴിയും 9496001921 എന്ന വാട്‌സാപ്പ്‌ വഴിയും പരാതി അറിയിക്കാനും സംവിധാനം ഉണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top