പുൽപ്പള്ളി
രണ്ട് വയസ്സ് മുതൽ ശരീരത്തിൽ പ്രവേശിച്ച സിക്കിൾസെൽ അനീമിയ രോഗത്തിനെ തുരത്തിയ ആതുരസേവകർക്ക് നന്ദിയുമായി വിനീത മാധവൻ. വയനാട് മെഡിക്കൽ കോളേജിന് നന്ദി പറയുകയാണ് പെരിക്കല്ലൂർ സ്വദേശിനിയായ പെൺകുട്ടി. മെഡിക്കൽ കോളേജിൽ അപൂർവ ശസ്ത്രക്രിയ നടത്തിയതിനാൽ മാത്രമാണ് ജീവിതം തിരിച്ചുപിടിക്കാനായതെന്ന് പുഞ്ചിരിയോടെ പറഞ്ഞുവയ്‌ക്കുകയാണ് വിനീത. ശരീരത്തിൽ പ്രവേശിച്ച സിക്കിൾസെൽ അനീമിയ എന്ന രോഗം 15 വയസ്സ് ആയപ്പോഴേക്കും ഗുരുതര സ്ഥിതിയിലെത്തി. ഓരോ ദിവസവും വേദന കൂടിക്കൊണ്ടിരുന്നു. പുൽപ്പള്ളി ഗവ.ആശുപത്രിയിലെ അതുൽ സി സോമൻ എന്ന ഡോക്ടറെ കണ്ടു. അദ്ദേഹം മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് ശുപാർശചെയ്തു. മെഡിക്കൽ കോളേജിലെ ഡോക്ടർമാരായ ശശികുമാർ, അനി എൻ കുട്ടി, വരുൺ, ശ്രീജിത്ത്, ഷിജി തുടങ്ങിയവർ രോഗം തിരിച്ചറിഞ്ഞ് ശസ്‌ത്രക്രിയ നടത്താൻ തയ്യാറായി. ചികിത്സക്കാവശ്യമായ എല്ലാ കാര്യങ്ങൾക്കുമായി സിക്കിൾ സെൽ അനീമിയ രോഗികളുടെ കൂട്ടായ്മ സജീവമായി രംഗത്തുണ്ടായിരുന്നു. അനസ്തേഷ്യ നൽകുന്ന ഡോക്ടർമാർ കുട്ടിയുടെ ആരോഗ്യനിലയിൽ സംശയം പ്രകടിപ്പിക്കുകയും അനസ്തേഷ്യ നൽകാൻ മടികാണിക്കുകയും ചെയ്തു. മന്ത്രി വീണാ ജോർജ് പ്രശ്നത്തിൽ ഇടപെട്ടാണ് ശസ്‌ത്രക്രിയക്ക് വഴിയൊരുക്കിയത്. അന്നത്തെ എംഎൽഎ മന്ത്രി ഒ ആർ കേളു സജീവമായി ഇടപെട്ടു. ചുരുങ്ങിപ്പോയിരുന്ന ശരീരം പൂർവസ്ഥിതിയിലേക്ക് എത്തുകയും നിവർന്നുനിൽക്കാൻ സാധിക്കുകയും ചെയ്യുന്നുണ്ട്. ഇതിന് അവസരമൊരുക്കിയ മെഡിക്കൽ കോളേജിലെ ഡോക്ടർമാരെയും ജീവനക്കാരെയും നന്ദിയോടെ ഓർക്കുകയാണ് വിനീത മാധവൻ.
Caption :
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..