21 December Saturday

ഓണക്കാലം ടൂറിസം മേഖലക്ക്‌ ലഭിച്ചത്‌ 23.28 ലക്ഷം രൂപ

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024

 

കൽപ്പറ്റ
പ്രതിസന്ധി തുടരുന്നതിനിടയിലും  ഓണക്കാലം വിനോദസഞ്ചാരമേഖലക്ക്‌ സമ്മാനിച്ചത്‌ പ്രതീക്ഷയുടെ വെളിച്ചം. 14 മുതലുള്ള നാല്‌ അവധി ദിവസങ്ങളിൽ ഡിടിപിസി സെന്ററുകൾ ഉൾപ്പടെയുള്ള ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ നിന്നുമായി 23,28,168 രൂപയുടെ വരുമാനം ലഭിച്ചു. 39,363 സന്ദർശകരാണ്‌ ഈ കാലയളവിൽ വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിച്ചത്‌. ഇതോടെ ഉരുൾപൊട്ടലിനെ തുടർന്ന്‌ ഒന്നരമാസത്തോളം  നീണ്ട തിരിച്ചടിക്കൊടുവിൽ ഓണക്കാലം വയനാട്ടിലേക്കുള്ള ടൂറിസ്‌റ്റുകളുടെ തിരിച്ചുവരവിന്റെ കാലംകൂടിയായി മാറി. 
   പൂക്കോട്‌ തടാകം, എടക്കൽ ഗുഹ, കർലാട്‌, ചീങ്ങേരി മല, മാനന്തവാടി പഴശ്ശി പാർക്ക്‌, മാവിലാൻ തോട്‌, ടൗൺ സ്‌ക്വയർ, പൈതൃക മ്യൂസിയം എന്നിങ്ങനെ ഡിടിപിസിക്ക്‌ കീഴിലുള്ള കേന്ദ്രങ്ങളിൽനിന്നുമാത്രം 9,61,725 രൂപയുടെ വരുമാനം ലഭിച്ചു. 17,545 സന്ദർശകർ ഇവിടങ്ങളിലെത്തി. പൂക്കോട്‌ വിനോദസഞ്ചാരകേന്ദ്രത്തിൽ മാത്രം 7500 സന്ദർശകരെത്തി. പൂക്കോട്‌ നിന്നുമാത്രം 5,39,390 രൂപ വരുമാനം ലഭിച്ചു. കർലാട്‌ 1,17,980 രൂപ വരുമാനമായി ലഭിച്ചു. 1500 സന്ദർശകരെത്തി. മാവിലാൻ തോട്‌ വിനോദസഞ്ചാരകേന്ദ്രത്തിൽ 40,000 രൂപയുടെ വരുമാനം ലഭിച്ചു. 
     കെഎസ്‌ഇബിക്ക്‌ കീഴിലുള്ള ബാണാസുരഡാം വിനോദസഞ്ചാര കേന്ദ്രത്തിലാണ്‌ കൂടുതൽ വരുമാനം. ബോട്ടിങ്‌ ഉൾപ്പടെ 10,39,513 രൂപ വരുമാനം ലഭിച്ചു. 9669 സന്ദർശകരാണ്‌ എത്തിയത്‌.  കാരാപ്പുഴയിലാണ്‌ സന്ദർശകരുടെ എണ്ണം കൂടുതൽ. 12,149 സഞ്ചാരികൾ എത്തിയപ്പോൾ ലഭിച്ച വരുമാനം 3,26,930 രൂപയാണ്‌. 
     കർണാടകം, തമിഴ്‌നാട്‌ ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെ മറ്റ്‌ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ വയനാടൻ വിനോദസഞ്ചാരത്തിലേക്ക്‌ വീണ്ടും എത്തുന്നത്‌ പൂജാ അവധി ദിനങ്ങളിലും ഡിസംബർ അവധിക്കാലത്തും ജില്ലക്ക്‌ പ്രതീക്ഷനൽകുന്നുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top