24 October Thursday

അറിവിന്റെ പൂമഴ

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ ജില്ലാമത്സര വിജയികൾക്ക്‌ മന്ത്രി ഒ ആർ കേളു സമ്മാനം നൽകുന്നു

മാനന്തവാടി
വിജ്ഞാന വിഹായസ്സിൽ അറിവിൻ കിളികൾ ചിറകടിച്ചു. അക്ഷരമുറ്റത്ത്‌ പുത്തനറിവുകൾ കൊത്തിയെടുത്ത്‌ ഉയർന്നുപറന്നു. ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റിന്റെ ജില്ലാ  മത്സരവും ശാസ്‌ത്ര പാർലമെന്റും അറിവിന്റെ ആഘോഷമായി.
സബ്‌ജില്ലകളിലെ വിജയികൾ ജില്ലാ മത്സരത്തിൽ മാറ്റുരച്ചു. 
ഓരോ ചോദ്യങ്ങൾക്കും പ്രതിഭകളുടെ വിരൽത്തുമ്പിൽ ഉത്തരങ്ങൾ പിറന്നു. സ്‌കോർബോർഡുകൾ ചലിച്ചുകൊണ്ടേയിരുന്നു. ഇഞ്ചോടിഞ്ച്‌ പോരാട്ടത്തിൽ ഒരുപോലെ മുന്നേറ്റം. ടൈ ബ്രേക്ക്‌ ചെയ്യാൻ ചോദ്യങ്ങൾ ആവർത്തിച്ചു. ഒടുവിൽ വിജയച്ചിറകിലേറിയവർ അറിവിന്റെ കപ്പുയർത്തി. ചെറിയ പിശകുകളിൽ വീണുപോയവർ വിജയികളുടെ അരികിലേക്കെത്തി അഭിനന്ദിച്ചു. 
മാനന്തവാടി ഗവ. യുപി സ്‌കൂളിൽ നടന്ന അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റും ശാസ്‌ത്ര പാർലമെന്റും വിദ്യാർഥികൾക്കും കാഴ്‌ചക്കാർക്കും വിജ്ഞാനസമ്പാദനത്തിന്റെ  പുതുവെളിച്ചമായി. അറിവുതേടിയുള്ള യാത്രകൾക്ക്‌ ഊർജമായി. 
എൽപി, യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായിരുന്നു അറിവുത്സവം. ഓരോ വിഭാഗത്തിലും ഒന്നാം സ്ഥാനക്കാർക്ക്‌ പതിനായിരം രൂപയും രണ്ടാം സ്ഥാനക്കാർക്ക്‌ അയ്യായിരം രൂപയും സമ്മാനമായി നൽകി. സർട്ടിഫിക്കറ്റും മെമെന്റോയും  ബാഗുമുണ്ടായിരുന്നു. പങ്കെടുത്ത എല്ലാവർക്കും ബാഗ്‌ സമ്മാനമായി നൽകി. ജില്ലാതല മത്സരം ദേശാഭിമാനി ഡയറക്ടർ പി ഗഗാറിൻ ഉദ്‌ഘാടനംചെയ്‌തു. വിജയികൾക്ക്‌ മന്ത്രി ഒ ആർ കേളു സമ്മാനം നൽകി. 
ഉദ്‌ഘാടന ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ പി ടി ബിജു അധ്യക്ഷനായി. അക്ഷരമുറ്റം ജില്ലാ കൺവീനർ കെ എ അനിൽകുമാർ പദ്ധതി വിശദീകരിച്ചു. കെ എസ്‌ടിഎ സംസ്ഥാന സെക്രട്ടറി പി ജെ ബിനേഷ്‌, സംസ്ഥാന കമ്മിറ്റി അംഗം വി എ ദേവകി, വിദ്യാകിരണം ജില്ലാ കോ -ഓർഡിനേറ്റർ വിത്സൺ തോമസ്‌ എന്നിവർ സംസാരിച്ചു. കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി ടി രാജൻ സ്വാഗതവും പ്രസിഡന്റ്‌ എ ഇ സതീഷ്‌ ബാബു നന്ദിയും പറഞ്ഞു. സമാപന ചടങ്ങിൽ മാനന്തവാടി നഗരസഭാ കൗൺസിലർ കെ എം അബ്‌ദുൾ ആസിഫ്‌ അധ്യക്ഷനായി. കെഎസ്‌ടിഎ സംസ്ഥാന എക്‌സിക്യുട്ടീവ്‌ അംഗം പി എസ്‌ സ്‌മിജ, ദേശാഭിമാനി വയനാട്‌ ബ്യൂറോ ചീഫ്‌ വി ജെ വർഗീസ്‌, പി ഉമേഷ്‌ എന്നിവർ സംസാരിച്ചു. കെ അനൂപ്‌കുമാർ സ്വാഗതവും എ കെ റൈഷാദ്‌ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top