22 December Sunday

ദുരന്തബാധിതർക്ക്‌ അധിക്ഷേപം വി മുരളീധരൻ പൊതുപ്രവർത്തനം 
അവസാനിപ്പിക്കണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024

 

കൽപ്പറ്റ
മുണ്ടക്കൈ–-ചൂരൽമല ദുരന്തബാധിതരെ ആക്ഷേപിച്ച ബിജെപി നേതാവ്‌ വി മുരളീധരന്റെ നിലപാട്‌ മനുഷ്യത്വരഹിതമാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു. കേരളത്തെ മുഴുവൻ അവഹേളിച്ച മുൻകേന്ദ്രമന്ത്രി ജനങ്ങളോട്‌ മാപ്പുപറഞ്ഞ്‌ പൊതുപ്രവർത്തനം അവസാനിപ്പിക്കണം. ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കാൻ അദ്ദേഹത്തിന്‌ യോഗ്യതയില്ല. 
മന്ത്രിയായിരിക്കെ കേരളത്തിന്റെ വികസന പദ്ധതികൾക്കെല്ലാം തുരങ്കംവച്ച ചരിത്രമാണ്‌ മുരളീധരന്റേത്‌. നാടിനുവേണ്ടി ഒന്നും ചെയ്‌തില്ല. ഇനി ചെയ്യിക്കുകയുമില്ല എന്ന വാശിയാണ്‌.  സാമ്പത്തികമായി ഞെരുക്കി കേരളത്തിന്റെ വികസനം തടയാനുള്ള കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും കുടിലതന്ത്രങ്ങളുടെ സൂത്രധാരനാണ്‌. നാടിനോട്‌ ഒരു പ്രതിബദ്ധതയും ബിജെപി നേതാക്കൾക്കില്ല. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌ മുരളീധരന്റെ പ്രസ്‌താവന. ബിജെപി നേതാക്കളിൽനിന്ന്‌ ഇതിൽക്കൂടുതലൊന്നും പ്രതീക്ഷിക്കാനില്ല.
 മുന്നൂറോളം പേരാണ്‌ ഉരുൾപൊട്ടലിൽ മരിച്ചത്‌. കേന്ദ്രസഹായം ലഭിക്കണമെങ്കിൽ കൂടുതൽപേർ മരിക്കണമെന്നതാണ്‌ മുരളീധരനെപ്പോലുള്ളവരുടെ നിലപാട്‌.  ദുരന്തം ഏതൊക്കെ പ്രദേശത്തെ ബാധിച്ചുവെന്നതല്ല, ആഘാതമാണ്‌ പ്രധാനം. ആയിരത്തോളം കുടുംബങ്ങളുടെ സർവവും നഷ്ടമായി. ഇവരുടെ പുനരധിവാസമാണ്‌ സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. രാഷ്‌ട്രീയമായി ഇത്‌ തടയാനാണ്‌ ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും ശ്രമം. 
ദുരന്തം നടന്ന്‌ 114 ദിവസം കഴിഞ്ഞിട്ടും കേന്ദ്രം നയാപൈസ നൽകിയിട്ടില്ല. ഇതിനേക്കാൾ വലിയ ക്രൂരതയില്ല. ബിജെപിയും കേന്ദ്രസർക്കാരും എത്ര ശ്രമിച്ചാലും മുണ്ടക്കൈ, ചൂരൽമലക്കാരുടെ പുനരധിവാസം തടയാനാകില്ല. സംസ്ഥാന സർക്കാർ ഇത്‌ നടപ്പാക്കുമെന്നും സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top