22 December Sunday

മുട്ടിൽ ഡബ്ല്യുഒയുപി സ്‌കൂൾ 
ഭക്ഷ്യകമീഷൻ സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024

ഭക്ഷ്യകമീഷൻ ചെയർപേഴ്സൺ ഡോ. ജിനു സഖറിയയും സംഘവും കൽപ്പറ്റ ജനറൽ ആശുപത്രയിൽ ചികിത്സയിലുള്ള വിദ്യാർഥികളെ സന്ദർശിക്കുന്നു

കൽപ്പറ്റ
ഭക്ഷ്യവിഷബാധയുണ്ടായ മുട്ടിൽ ഡബ്ല്യുഒയുപി സ്‌കൂൾ ഭക്ഷ്യകമീഷൻ ചെയർപേഴ്സൺ ഡോ. ജിനു സഖറിയ ഉമ്മന്റെ നേതൃത്വത്തിലുളള സംഘം സന്ദർശിച്ചു. ഭക്ഷ്യവിഷബാധയേറ്റ്‌ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ കഴിയുന്ന വിദ്യാർഥികളെയും കമീഷൻ സന്ദർശിച്ചു. സ്‌കൂളിലെ സന്ദർശനത്തിനുശേഷം ഭക്ഷ്യകമീഷൻ ചെയർപേഴ്സന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. സ്‌കൂളിലെ അപാകം പരിഹരിക്കുന്നതിനായി 25 വരെ സ്‌കൂൾ അടച്ചിടാൻ തീരുമാനിച്ചു.  എഡിഎം കെ ദേവകിയോട്‌ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്‌. 
 കഴിഞ്ഞ വെള്ളിയാഴ്‌ചയായിരുന്നു സ്‌കൂളിൽനിന്ന്‌ വിദ്യാർഥികൾക്ക്‌ ഭക്ഷ്യവിഷബാധയേറ്റത്‌. കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ശനി മുതൽ 63 വിദ്യാർഥികളെ പ്രവേശിപ്പിച്ചിരുന്നു. ഏഴ്‌ വിദ്യാർഥികളാണ്‌ ചികിത്സയിൽ തുടരുന്നത്‌. ഛർദി വയറിളക്കം, വയറുവേദന തുടങ്ങി ഒരേ രോഗലക്ഷണങ്ങളോടുകൂടിയാണ്‌ കുട്ടികളെല്ലം ആശുപത്രിയിലെത്തിയത്‌. ചിലർ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി.
 ജൂലൈയിൽ സ്കൂളിലെ കുഴൽക്കിണറിൽ നിന്ന്‌ ശേഖരിച്ച ജലത്തിന്റെ സാമ്പിളിൽ ഇ- കോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. സ്കൂളിലെ വാട്ടർപ്യൂരിഫയർ കൃത്യമായ ഇടവേളകളിൽ സർവീസ് ചെയ്യുന്നില്ലെന്നും കിണർ, വാട്ടർ ടാങ്ക് എന്നിവ ശുചീകരിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ ഭക്ഷ്യസുരക്ഷാ കമീഷനെ അറിയിച്ചു. ഉച്ചഭക്ഷണം തയ്യാറാക്കിയ അടുക്കളയിൽ മതിയായ സൗകര്യവും ശുചിത്വവും ഇല്ലായിരുന്നെന്ന്‌ കമീഷൻ അംഗങ്ങൾ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top