വാളാട്
മഴക്കാലത്ത് ഒറ്റപ്പെട്ട് വാളാട് കൂടംകുന്ന്. ഇത്തവണയും വെള്ളം കയറി പ്രദേശത്തുകാർക്ക് ദുരിത ജീവിതമാണ്. നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമാണിത്. ഒന്നോ രണ്ടോ മഴ ശക്തമായി പെയ്താൽ കൂടുംകുന്നിലേക്കുള്ള റോഡിൽ വെള്ളം കയറും. വാളാട് റോഡിൽനിന്ന് കൂടംകുന്ന് റോഡ് തുടങ്ങുന്ന ഭാഗം താഴ്ന്ന് നിൽക്കുന്നതിനാൽ വാളാട് പുഴ നിറഞ്ഞാൽ റോഡും വെള്ളത്തിലാകും. കൂടംകുന്ന് വഴി കാരച്ചാൽ പുതുശേരി ഭാഗങ്ങളിലേക്ക് പോകുന്ന റോഡും വെള്ളമുണ്ട, മക്കിയാട്, കോറോം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന പ്രധാന റോഡിലും വെള്ളം കയറും. പിന്നീട് ചെറു ബോട്ടിലാണ് നാട്ടുകാരുടെ സാഹസിക യാത്ര. സ്കൂൾ, ആശുപത്രി, റേഷൻകട എന്നിവിടങ്ങളിലേക്ക് പോകാനെല്ലാം ബോട്ടാണ് ആശ്രയം. വിവിധ ആവശ്യങ്ങൾക്ക് വാളാട് ടൗണിനെ ആശ്രയിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് ഇത്തരത്തിൽ ഒറ്റപ്പെടുന്നത്. കൂടംകുന്ന് റോഡിന്റെ നൂറുമീറ്ററിൽ താഴെവരുന്ന ഭാഗം രണ്ടുമീറ്ററോളം ഉയർത്തിയാൽ ഈ ദുരിതത്തിന് പരിഹാരമാകും. ഈ ആവശ്യവുമായി പ്രദേശവാസികൾ പല വാതിലുകളും മുട്ടിയെങ്കിലും നടപടിയുണ്ടായില്ല. റോഡ് ഉയർത്താൻ ഫണ്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..