08 September Sunday

നിപാ: ജില്ലയിലും ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024
കൽപ്പറ്റ
മലപ്പുറത്ത്‌ വിദ്യാർഥി നിപാ ബാധിച്ച്‌  മരിച്ച സാഹചര്യത്തിൽ ജില്ലയിലും ജാഗ്രത.  214 പേർ നിരീക്ഷണത്തിലുള്ളവരിൽ  ജില്ലയിൽനിന്നുള്ള ആരും ഉൾപ്പെട്ടിട്ടില്ല.  പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താൻ എല്ലാ ആരോഗ്യ കേന്ദ്രങ്ങൾക്കും നിർദേശം നൽകിയതായി  ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. പി ദിനീഷ് അറിയിച്ചു.  ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. ജാഗ്രത കൈവിടാതെ   പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണം. 
   കഴിഞ്ഞ സെപ്‌തംബറിൽ കോഴിക്കോട്ട്‌  രോഗം റിപ്പോർട്ട്‌ ചെയ്‌തപ്പോൾ വയനാട്ടിലെ വവ്വാലുകളിൽ നിപാ വൈറസ്‌ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്ത്‌  ആരോഗ്യവകുപ്പ്‌  മുൻകരുതൽ നടപടി സ്വീകരിക്കുന്നുണ്ട്‌. പക്ഷി-മൃഗാദികളുടെ കടിയേറ്റതും നിലത്ത് വീണതുമായ പഴങ്ങൾ കഴിക്കരുത്. പഴങ്ങൾ നന്നായി കഴുകിയശേഷം മാത്രം കഴിക്കുക. തുറന്നുവച്ച പാത്രങ്ങളിൽ സൂക്ഷിച്ച കള്ള് പോലെയുള്ള പാനീയങ്ങൾ ഉപയോഗിക്കരുത്.
മുൻവർഷം ജില്ലയിലെ നൂൽപ്പുഴ മാതമംഗലം, മാനന്തവാടി പഴശ്ശി പാർക്ക്‌ എന്നിവിടങ്ങളിൽനിന്ന് വവ്വാലുകളിൽ ആന്റിബോഡി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശങ്ങളിലുള്ളവർ കൂടുതൽ ജാഗ്രത പുലർത്തണം. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സഹായങ്ങൾക്ക് അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളെയോ ആരോഗ്യ പ്രവർത്തകരെയോ ബന്ധപ്പെടണമെന്ന്‌ അധികൃതർ നിർദേശിച്ചിട്ടുണ്ട്‌.  
 
രോഗലക്ഷണങ്ങൾ
പനിയോടൊപ്പം ശക്തമായ തലവേദന, ക്ഷീണം, ഛർദി, തളർച്ച, ബോധക്ഷയം, കാഴ്ച മങ്ങുക എന്നിവയാണ് നിപാ രോഗബാധയുടെ പ്രധാന ലക്ഷണങ്ങൾ. ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ആരോഗ്യ കേന്ദ്രങ്ങളിലെത്തി ചികിത്സതേടണം. ശരീര സ്രവങ്ങളിലൂടെയാണ് രോഗം പകരുന്നത്. 
ചുമയ്‌ക്കുമ്പോഴും തുമ്മുമ്പോഴുമുള്ള ചെറു സ്രവകണങ്ങൾ മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ മാസ്ക് ഉപയോഗിക്കണം. പല സ്ഥലങ്ങളിലും കൈകൾ കൊണ്ട് സ്പർശിക്കുന്നത് പരമാവധി ഒഴിവാക്കണം.  ഇടയ്ക്കിടെ സോപ്പ്, സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകണം. രോഗീ സന്ദർശനങ്ങളും പകർച്ചവ്യാധി സാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള യാത്രകളും ഒഴിവാക്കണം. 
 
മാസ്‌ക്‌ നിർബന്ധം
പനി, ജലദോഷം, ചുമ എന്നിവയുള്ളവർ മാസ്ക് നിർബന്ധമായും ഉപയോഗിക്കണം.  ചുമയ്‌ക്കുമ്പോഴും തുമ്മുമ്പോഴും ചെറു സ്രവകണങ്ങൾ മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ മാസ്ക് ആണ് പ്രതിവിധി. ഇത്തരം രോഗികളെ പരിചരിക്കുന്നവരും  അടുത്തിടപഴകുന്നവരും  മാസ്കും കൈയുറകളും  ഉപയോഗിക്കണം. 
കൈകളിലൂടെ പകർച്ചവ്യാധികൾ പെട്ടെന്ന് പകരും. കൈകൾ പല സ്ഥലങ്ങളിലും സ്പർശിക്കുന്നത് പരമാവധി ഒഴിവാക്കണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top