കൽപ്പറ്റ
സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന കർമപരിപാടിയിൽ ജില്ലയിൽ വന്യമൃഗ പ്രതിരോധ പദ്ധതികൾക്ക് മുൻഗണന. സർക്കാരിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായി ഒക്‌ടോബർ 22വരെ നടപ്പാക്കുന്ന പരിപാടിയിൽ ജില്ലയിൽ 7.96 കോടി രൂപയുടെ വന്യമൃഗ പ്രതിരോധ പദ്ധതികളാണുള്ളത്. സൗത്ത്, നോർത്ത് വയനാട് ഡിവിഷനുകളിലായി ആരംഭിച്ചിട്ടുള്ള പ്രതിരോധ വേലികളുടെ നിർമാണം പുർത്തിയാക്കും.
സൗത്ത് വയനാട് ഡിവിഷനിൽ 298 ലക്ഷം രൂപയുടെ സൗരോർജ തൂക്കുവേലി നിർമാണം പുരോഗമിക്കുകയാണ്. നോർത്ത് വയനാട് ഡിവിഷനിൽ 130 ലക്ഷം രൂപയുടെ സൗരോർജ വേലി നിർമാണവുമുണ്ട്. നോർത്ത് വയനാട് ഡിവിഷനിൽതന്നെ 368 ലക്ഷം രൂപയുടെ ക്രാഷ് ഗാർഡ് റോപ്പ് ഫെൻസിങ്ങുമുണ്ട്. ഈ പദ്ധതികൾ പൂർത്തിയാകുന്നതോടെ വന്യമൃഗശല്യത്തിൽ കുറവുണ്ടാകും. നേരത്തെ ആരംഭിച്ച പദ്ധതികളുടെ തടസ്സം നീക്കി എത്രയും വേഗം പ്രവൃത്തി പൂർത്തീകരിക്കാനുള്ള നിർദേശമാണ് നൽകിയിട്ടുള്ളത്.
നൂറുദിന പരിപാടിയിൽ കൽപ്പറ്റ ഫോറസ്‌റ്റ് ഫ്ലയിങ് സ്‌ക്വാഡിന് കെട്ടിടസമുച്ചയം നിർമിക്കും. 120 ലക്ഷം രൂപയുടെ പദ്ധതിയാണിത്. ബത്തേരി, തോൽപ്പെട്ടി, മുത്തങ്ങ റെയ്‌ഞ്ചുകളുടെ പുതിയ ഓഫീസുകളുടെ നിർമാണവും പൂർത്തിയാക്കും. 198 ലക്ഷം രൂപയാണ് മൂന്ന് ഓഫീസുകളുടെ നിർമാണത്തിനുള്ളത്. റെയ്‌ഞ്ചുകൾക്ക് ആധുനിക ഓഫീസ് ആകുന്നതോടെ വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാകും. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് വന്യമൃഗപ്രതിരോധത്തെ ഉൾപ്പെടെ ബാധിക്കാറുണ്ട്. പുതിയ ഓഫീസുകൾ വരുന്നതോടെ പുതിയമുഖത്തോടെ പ്രവർത്തിക്കാനാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..