21 November Thursday
ദുരിതബാധിതരോട്‌ വായ്‌പ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടു

ഡിവൈഎഫ്‌ഐ മുത്തൂറ്റ്‌ കാപ്പിറ്റൽ
സർവീസ്‌ ഉപരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024
കൽപ്പറ്റ
ചൂരൽമല ദുരിതബാധിതരുടെ വായ്‌പ ഉടൻ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടതിൽ പ്രതിഷേധിച്ച്‌ കൽപ്പറ്റ മുത്തൂറ്റ് കാപ്പിറ്റൽ സർവീസ്‌ ഡിവൈഎഫ്‌ഐ ഉപരോധിച്ചു. ചൂരൽമല സ്‌കൂൾ റോഡിലെ നടുക്കാട്ടിൽ രാജേഷ്‌ കുമാർ ഓട്ടോറിക്ഷ വാങ്ങാനായി 2012ൽ എടുത്ത വായ്‌പയും പലിശയും അടിയന്തരമായി തിരിച്ചടയ്ക്കണമെന്ന്‌ ആവശ്യപ്പെട്ടതോടെയാണ്‌ ഡിവൈഎഫ്‌ഐ ധനകാര്യസ്ഥാപനം ഉപരോധിച്ചത്‌. പ്രതിഷേധത്തെ തുടർന്ന്‌ രാജേഷിന്റെ വായ്‌പ എഴുതിത്തള്ളുമെന്ന്‌ മുത്തൂറ്റ്‌ അധികൃതർ ഉറപ്പുനൽകി. ദുരന്തത്തിൽ വീട്‌ ഭാഗികമായി തകർന്ന രാജേഷിനെ രക്ഷാപ്രവർത്തനത്തിനിടയിൽപ്പോലും വായ്‌പ തിരിച്ചടയ്ക്കാൻ വിളിക്കുന്ന സ്ഥിതിയുണ്ടായി. അച്ഛൻ സി കന്തസ്വാമിയുടെ പേരിലായിരുന്നു വായ്‌പ. തിരിച്ചടവ്‌ തെറ്റിയതോടെ ഓട്ടോറിക്ഷ പിടിച്ചെടുത്തശേഷവും നോട്ടീസ്‌ അയച്ചിരുന്നു. ദുരന്തത്തിനിടയിലും വായ്‌പ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടതിൽ പരസ്യമായി ഖേദം പ്രകടിപ്പിച്ച ബാങ്ക്‌ അധികൃതർ ദുരന്തബാധിതമേഖലയിലെ മുഴുവൻ വായ്‌പകളും എഴുതിത്തള്ളാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഡിവൈഎഫ്‌ഐ നേതാക്കൾക്ക്‌ ഉറപ്പുനൽകി. ബാങ്ക്‌ അധികൃതരുമായി നടന്ന ചർച്ചയിൽ നേതാക്കൾക്കൊപ്പം രാജേഷ്‌ കുമാറും പങ്കെടുത്തു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ്‌, സെക്രട്ടറി കെ റഫീഖ്‌, ട്രഷറർ കെ ആർ ജിതിൻ, വൈസ്‌ പ്രസിഡന്റ്‌ ജോബിസൺ ജെയിംസ്‌ എന്നിവർ നേതൃത്വം നൽകി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top