19 December Thursday
താൽക്കാലിക പുനരധിവാസം അതിവേഗം

ഇനി വീടുകളിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024

മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽനിന്നും വാടക വീടുകളിലേക്ക്‌ പോകുന്നതിനായി വീട്ടുസാധനങ്ങൾ വാഹനത്തിൽ കയറ്റുന്നവർ

 
മേപ്പാടി
ക്യാമ്പുകളിൽനിന്ന്‌ താൽക്കാലിക വീടുകളിലേക്ക്‌ മടങ്ങി ഉരുൾപൊട്ടൽ ദുരിതബാധിതർ. അതിവേഗത്തിലാണ്‌ പുനരധിവാസം. സർക്കാർ ക്വാർട്ടേഴ്‌സുകൾ, വാടക വീടുകൾ, എസ്‌റ്റേറ്റ്‌ ലയങ്ങൾ, ഹോം സ്‌റ്റേകൾ എന്നിവിടങ്ങളിലേക്കാണ്‌ മാറ്റുന്നത്‌. ആവശ്യമായ മുഴുവൻ വീട്ടുസാധനങ്ങളും നൽകിയാണ്‌ കുടുംബങ്ങളെ പറഞ്ഞയക്കുന്നത്‌. 
ഉരുൾപൊട്ടി മൂന്നാഴ്‌ച പിന്നിടുമ്പോഴേക്കും ആയിരത്തിയഞ്ഞൂറോളം പേരുടെ താൽക്കാലിക പുനരധിവാസം സർക്കാർ ഉറപ്പാക്കുകയാണ്‌. ബുധൻ വൈകിട്ട്‌ 275 പേർ മാത്രമാണ്‌ അഞ്ച്  ക്യാമ്പുകളിലായുള്ളത്‌. ഭൂരിഭാഗം കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചു.
സമാനതകളില്ലാത്ത രക്ഷാപ്രവർത്തനത്തിന്റെ അതേ വേഗതയാണ്‌ താൽക്കാലിക പുനരധിവാസത്തിലും. മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രധാന ക്യാമ്പിൽ ഇനി 60 കുടുംബങ്ങളാണുള്ളത്‌. അടുത്തദിവസങ്ങളിൽ ഇവരുടെ പുനരധിവാസവും പൂർത്തിയാകും. 
 വാഹനങ്ങൾ നിറയെ വീട്ടുസാധനങ്ങളുമായാണ്‌ ആളുകൾ പോകുന്നത്‌. ‘ബാക്ക്‌ ടു ഹോം കിറ്റുകൾ’ നൽകിയാണ്‌ യാത്രയാക്കുന്നത്‌. ഫർണിച്ചർ കിറ്റ്‌, ഷെൽട്ടർ കിറ്റ്‌, കിച്ചൺ കിറ്റ്‌, ക്ലീനിങ് കിറ്റ്‌, ശുചിത്വ കിറ്റ്‌ എന്നിവ ഓരോ കുടുംബത്തിനുമുണ്ട്‌.  പാചക വാതക സിലിണ്ടറും സ്‌റ്റൗവുമുണ്ട്‌. ദുരിതാശ്വാസ ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ള സാധനങ്ങൾ പ്രത്യേകമായും നൽകുന്നുണ്ട്‌. 
ഓരോ വീടിനും ആറായിരം രൂപയാണ്‌ സർക്കാർ വാടക നൽകുന്നത്‌. ഗവൺമെന്റ്‌ ക്വാർട്ടേഴ്‌സുകൾ, വ്യക്തികൾ സൗജന്യമായി നൽകിയ വീടുകൾ എന്നിവയൊഴിച്ചുള്ള എല്ലാത്തിനും വാടക നൽകും. ബന്ധുവീടുകളിലേക്ക്‌ താമസം മാറിയവർക്കും വാടക അനുവദിക്കും. 
മേപ്പാടി, മൂപ്പൈനാട്‌, മുട്ടിൽ, വൈത്തിരി, അമ്പലവയൽ പഞ്ചായത്തുകളിലും കൽപ്പറ്റ നഗരസഭയിലുമാണ്‌ കൂടുതൽപ്പേരെ താമസിപ്പിച്ചിട്ടുള്ളത്‌. വീടുകളിലേക്ക്‌ മാറിയ കുടുംബങ്ങളിലെ രണ്ടുപേർക്ക്‌ സർക്കാർ ഒരുമാസം 300 രൂപ വീതം നൽകും. കിടപ്പുരോഗികളുള്ള കുടുംബങ്ങളിൽ മൂന്നുപേർക്ക്‌ ഈ സഹായം ലഭിക്കും. ദുരിതബാധിതരുടെ  നിത്യചെലവിനായാണ്‌ തുക നൽകുന്നത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top