പുൽപ്പള്ളി
ഒരു കാലത്ത് കുരുമുളക് സമൃദ്ധമായി വിളഞ്ഞിരുന്ന പുൽപ്പള്ളിയുടെ പൈതൃകം തിരിച്ചുപിടിക്കാൻ നൂതന വഴികൾ തേടി കർഷകർ. പലവിധ രോഗങ്ങളാലും കാലാവസ്ഥാ വ്യതിയാനത്താലും വലിയതോതിൽ പുൽപ്പള്ളിയിലെ കുരുമുളക് കൃഷി കുറഞ്ഞു. എന്നാലും കൃഷിയിൽനിന്ന് പിൻവാങ്ങാതെ പുതിയ വഴികൾ തേടുകയാണ് കർഷകർ. കല്ലുവയൽ പുത്തൻകണ്ടത്തിൽ സജീവൻ 30 സെന്റ് സ്ഥലത്താണ് നൂതന കുരുമുളക് കൃഷിരീതി പരീക്ഷിക്കുന്നത്.
17 അടി നീളമുള്ള ആറിഞ്ച് വണ്ണമുള്ള കോൺക്രീറ്റ് കാലുകൾ രണ്ടര അടിയോളം താഴ്ത്തി കുഴിച്ചിട്ടാണ് കുരുമുളകിന് താങ്ങുകാലുകൾ സ്ഥാപിക്കുന്നത്. ദീർഘകാലം കേടുകൂടാതെ കോൺക്രീറ്റ് തൂണുകൾ ഉപയോഗിക്കാമെന്ന പ്രത്യേകതയുണ്ട്. താങ്ങുചെടികളുടെ വളം അപഹരിക്കലും ഇതുവഴി ഇല്ലാതാക്കാനാവും. ബ്രസീലിയൻ തിപ്പലിയിൽ ഗ്രാഫ്റ്റ് ചെയ്ത കുംബുക്കൽ കുരുമുളകാണ് വളർത്തുന്നത്. അത്യുൽപ്പാദനശേഷിയും പ്രതിരോധശേഷിയും ഈ ഇനത്തിനുണ്ട്. ഡ്രിപ്പ് ഇറിഗേഷനും കൃഷിയിടത്തിൽ നടപ്പാക്കിയിട്ടുണ്ട്. ജൈവ വളമാണ് നൽകുന്നത്. തിപ്പലിയിൽ ഗ്രാഫ്റ്റ് ചെയ്തതും അല്ലാത്തതുമായ കുരുമുളക് ചെടികൾ സജീവന്റെ കൃഷിയിടത്തിലുണ്ട്. രണ്ടിനും രണ്ട് രീതിയിലുള്ള വളർച്ചയാണുള്ളത് എന്നാണ് കർഷകൻ പറയുന്നത്. പറമ്പിൽ വെള്ളം കെട്ടിക്കിടക്കുവാൻ അനുവദിക്കാതെയാണ് കൃഷി. ചെടികൾ ഉണങ്ങിപ്പോകാതിരിക്കാൻ കൃത്യമായ രീതിയിൽ ജലസേചനവും ഉറപ്പാക്കുന്നുണ്ട്. മികച്ച വിളവ് ലഭിക്കുന്ന മാതൃകാതോട്ടം കാണാൻ നിരവധി പേർ എത്തുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..