കൽപ്പറ്റ
ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ച് ഓണം വിപണനമേളകൾ ഒരുക്കി കുടുംബശ്രീ നേടിയത് 58.9 ലക്ഷം രൂപയുടെ വിറ്റുവരവ്. ജില്ലയിലെ 34 വിപണന മേളകളിൽനിന്നാണ് കുടുംബശ്രീ നേട്ടംകൊയ്‌തത്. ജില്ല നേരിട്ട ദുരന്തത്തെ മറികടന്ന് സമൃദ്ധമായ ഓണമൊരുക്കുകയായിരുന്നു ലക്ഷ്യം. വിപണന കേന്ദ്രങ്ങളിലൂടെ കുറഞ്ഞ വിലയിൽ മായമില്ലാത്ത ഉൽപ്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചു. ഫ്രഷ് ബൈറ്റ്‌സെന്ന പേരിൽ കുടുംബശ്രീ പുറത്തെത്തിച്ച ചിപ്സും ശർക്കര ഉപ്പേരിയും മേളയിൽ തിളങ്ങി. പച്ചക്കറിക്കുപുറമെ ധാന്യപ്പൊടികൾ, മസാലപ്പൊടികൾ, അച്ചാറുകൾ, പലഹാരങ്ങൾ, പൂക്കൾ തുടങ്ങി കുടുംബശ്രീ അംഗങ്ങളുണ്ടാക്കിയ ഉൽപ്പന്നങ്ങൾ വിപണിയിൽ മുന്നിൽനിന്നു. 18 ലക്ഷത്തിന്റെ കാർഷിക ഉൽപ്പന്നങ്ങളുടെയും 36 ലക്ഷത്തിന്റെ മൈക്രോ എന്റർപ്രൈസ് ഉൽപ്പന്നങ്ങളുടെയും വിറ്റുവരവുണ്ടായി. 3076 ജെഎൽജി യൂണിറ്റുകളുടെയും 1753 മൈക്രോ എന്റർപ്രൈസ് യൂണിറ്റുകളുടെയും ഉൽപ്പന്നങ്ങളാണ് ഓണം വിപണിയിലൂടെ കുടുംബശ്രീ പൊതുജനങ്ങളിലേക്ക് എത്തിച്ചത്. സംസ്ഥാനത്താകെ 28.47 കോടിയുടെ വിറ്റുവരവാണ് കുടുംബശ്രീക്കുണ്ടായത്.
ഹിറ്റായി
ഫ്രഷ് ബൈറ്റ്‌സ്
കുടുംബശ്രീ ചിപ്‌സ് ഉൽപ്പാദകരെ ഏകോപിപ്പിച്ച് പുറത്തിറക്കിയ ‘ഫ്രഷ് ബൈറ്റ്‌സ്’ ബ്രാൻഡിന് മികച്ച സ്വീകാര്യത. ഓണം വിപണിയിൽ കുടുംബശ്രീ ബ്രാൻഡിന്റെ ചിപ്സിനും ശർക്കര ഉപ്പേരിക്കും മികച്ച വിറ്റുവരവുണ്ടാക്കി. ജില്ലയിൽ പത്തു യൂണിറ്റുകളാണ് ഫ്രഷ് ബൈറ്റ്‌സിന്റെ ഭാഗമായുള്ളത്. ഉൽപ്പാദനത്തിന് പ്രത്യേക പരിശീലനം നൽകി ഏകോപിപ്പിച്ച ഡിസൈനിലുള്ള പാക്കിങ് സാമഗ്രികൾ കുടുംബശ്രീ ഉൽപ്പാദകരിലേക്ക് എത്തിക്കുകയായിരുന്നു. മേളയിൽ ബ്രാൻഡിന്റെ സ്വീകാര്യത കണക്കിലെടുത്ത് പൊതുവിപണിയിലേക്ക് ഫ്രഷ് ബൈറ്റ്‌സിനെ എത്തിക്കാനുള്ള പദ്ധതിയിലാണ് കുടുംബശ്രീ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..