23 September Monday

മഴക്കുറവ്‌ 30 ശതമാനം മൺസൂൺ: സെപ്‌തംബർ 
21 വരെ 1676.7 മില്ലിമീറ്റർ മഴ

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024
കൽപ്പറ്റ
മൺസൂൺ അവസാനിക്കാൻ ദിവസങ്ങൾമാത്രം ശേഷിക്കെ ജില്ലക്ക്‌ ലഭിച്ചത്‌ മുൻ വർഷത്തെക്കാൾ കൂടുതൽ മഴ. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്ക്‌ പ്രകാരം ജൂൺ ഒന്ന്‌ മുതൽ സെപ്‌തംബർ 21 വരെ 1676.7 മില്ലിമീറ്റർ മഴയാണ്‌ ലഭിച്ചത്‌. കഴിഞ്ഞവർഷം ജൂൺ മുതൽ സെപ്‌തംബർ വരെയുള്ള മൺസൂൺ കാലയളവിൽ 1104.5 മില്ലിമീറ്റർ മഴയാണ്‌ കിട്ടിയത്‌. 572.2 മില്ലിമീറ്റർ മഴ കൂടുതലായി ലഭിച്ചു. 2022ൽ മൺസൂൺ കാലയവളിൽ ആഗസ്‌ത്‌ വരെ 2027 മില്ലിമീറ്റർ മഴ ലഭിച്ചിരുന്നു.  അതേസമയം സംസ്ഥാനത്ത്‌ ശരാശരി പ്രതീക്ഷിച്ച മഴയിൽ ഈ വർഷം 12 ശതമാനം കുറവാണ്‌ ലഭിച്ചതെങ്കിൽ ജില്ലയിലത്‌ 30 ശതമാനമാണ്‌. 32 ശതമാനം മഴക്കുറവുള്ള ഇടുക്കി മാത്രമാണ്‌ വയനാടിനെക്കാൾ മുന്നിൽ.  
       ജൂൺ മുതൽ ജൂലൈ 29 വരെ 1209.9 മില്ലിമീറ്റർ മഴയാണ്‌ പെയ്‌തതെങ്കിൽ ചൂരൽമല ഉരുൾപൊട്ടലടക്കമുണ്ടായ ഒരാഴ്‌ചക്കാലയളവിൽ ശരാശരി പെയ്‌തത്‌ 280 മില്ലിമീറ്റർ മഴയാണ്‌. മുണ്ടക്കൈ, ചൂരൽമല ഭാഗങ്ങളിൽ മാത്രം ഉരുൾപൊട്ടൽ സമയത്ത്‌ രണ്ടുദിവസംകൊണ്ട്‌ 572 മില്ലിമീറ്റർ മഴയാണ്‌ പെയ്‌തത്‌. കഴിഞ്ഞവർഷം മൺസൂൺ കാലയളവിൽ 55 ശതമാനം മഴക്കുറവാണുണ്ടായത്‌. ഈ വർഷം ജൂൺ ഒന്ന്‌ മുതൽ 30 വരെ 436.2 മില്ലിമീറ്ററും ജൂലൈയിൽ 670 മില്ലിമീറ്ററിലധികവും മഴ ലഭിച്ചു. ആഗസ്‌തിൽ 432 മില്ലിമീറ്റർ മഴയും സെപ്‌തംബറിൽ ഇതുവരെ 139.6 മില്ലിമീറ്ററും മഴ ലഭിച്ചു. കുറച്ച്‌ വർഷങ്ങളായി ജില്ലയിൽ കാലവർഷത്തിന്റെ തുടക്കത്തിൽ മഴ ലഭിച്ചിരുന്നില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top