22 December Sunday

വയനാട്‌ ഉപതെരഞ്ഞെടുപ്പ്‌ സത്യൻ മൊകേരി 24ന്‌ പത്രിക സമർപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024

 

കൽപ്പറ്റ
വയനാട്‌ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന് എൽഡിഎഫ്‌ സ്ഥാനാർഥി സത്യൻ മൊകേരി വ്യാഴാഴ്‌ച പത്രിക സമർപ്പിക്കും. രാവിലെ ഒമ്പതിന് കൽപ്പറ്റ ടൗണിൽനിന്ന്‌ പ്രകടനമായി കലക്ടറേറ്റിലെത്തി പത്രിക നൽകും. തുടർന്ന്‌ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ പാർലമെന്റ്‌ മണ്ഡലം കൺവൻഷൻ ചേരും. സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം, സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ തുടങ്ങിയവർ പങ്കെടുക്കും. 
സ്ഥാനാർഥി പ്രഖ്യാപനം വന്നതുമുതൽ സത്യൻ മൊകേരി പ്രചാരണം ആരംഭിച്ചു. 19ന്‌ വയനാട്ടിൽ സ്വീകരണം നൽകി. ജില്ലാതിർത്തിയായ ലക്കിടിയിൽനിന്ന്‌ സ്വീകരിച്ചാനയിച്ചു. കൽപ്പറ്റയിൽ റോഡ്‌ ഷോയുമുണ്ടായി. ഞായറാഴ്‌ച നിലമ്പൂരിലും തിങ്കൾ വണ്ടൂരിലുമായിരുന്നു പര്യടനം. മണ്ഡലത്തിലെ മുക്കുംമൂലയും അറിയുന്ന സ്ഥാനാർഥിയെ ഒന്നും പരിചയപ്പെടുത്തേണ്ടതില്ല. അത്രമേൽ ജനങ്ങളുമായി ഇഴുകിച്ചേർന്നാണ്‌ ജീവിതം. അതിന്റെ ദൃഷ്‌ടാന്തമായിരുന്നു നിലമ്പൂരിലെ കർഷക കുടിയേറ്റ മേഖലകളിലും വണ്ടൂരിലെ വിവിധ ഭാഗങ്ങളിലും കഴിഞ്ഞ രണ്ടുദിനത്തെ സ്വീകരണം. ചൊവ്വ ഏറനാടിന്റെ വിവിധ ഭാഗങ്ങളിലെത്തും. മണ്ഡലം കൺവൻഷനുകൾ 24ന്‌ തുടങ്ങി 28ന്‌ അവസാനിക്കും. 
സത്യൻ മൊകേരി മണ്ഡലത്തിൽ രണ്ടാം അങ്കം കുറിച്ചപ്പോൾ ആദ്യപോരാട്ടവും ചർച്ചയാണ്‌. യുഡിഎഫിനെ വിറപ്പിച്ച ചരിത്രമാണത്‌. 2014ലെ തെരഞ്ഞെടുപ്പിലാണ്‌ സത്യൻ മൊകേരി മണ്ഡലത്തിൽ ആദ്യം മത്സരിച്ചത്‌. 2009ൽ ലഭിച്ച 1,53,439 വോട്ട്‌ ഭൂരിപക്ഷത്തിന്റെ ആത്മവിശ്വാസത്തിലെത്തിയ കോൺഗ്രസിലെ എം ഐ ഷാനവാസിനെ വിറപ്പിച്ചാണ്‌ കീഴടങ്ങിയത്‌. കേവലം 20,870 വോട്ടിനാണ്‌ തോറ്റത്‌. എൽഡിഎഫ്‌ വോട്ട്‌ ശതമാനം 31ൽനിന്ന്‌ 39 ആയി ഉയർത്തി. 
ഉപതെരഞ്ഞെടുപ്പ്‌ അടിച്ചേൽപ്പിച്ചതാണെന്നാണ്‌ മണ്ഡലത്തിലെ പ്രധാന ചർച്ച. രാഹുൽ വയനാട്‌ ഉപേക്ഷിച്ച്‌ അനാവശ്യ തെരഞ്ഞെടുപ്പിന്‌ കളമൊരുക്കിയെന്നാണ്‌ വികാരം. 
 
പ്രിയങ്ക നാളെ പത്രിക നൽകും
വയനാട്‌ ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ബുധനാഴ്‌ച നാമനിർദേശ പത്രിക സമർപ്പിക്കും. കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എംപി എന്നിവർ ഒപ്പമുണ്ടാകും. കൽപ്പറ്റയിൽ റോഡ്‌ ഷോയുമുണ്ട്‌. എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസിന്‌ തിങ്കളാഴ്‌ച കൽപ്പറ്റയിൽ സ്വീകരണം നൽകി. റോഡ്‌ ഷോയുമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top