കൃഷ്‌ണഗിരി
അണ്ടർ 23 സി കെ നായിഡു ട്രോഫി ക്രിക്കറ്റിൽ മഴ കളിക്കിടയിൽ കൃഷ്‌ണഗിരിയിലും തിളങ്ങി ഷോൺ റോജർ. തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറിയടിച്ചാണ് ഷോൺ കേരളത്തിനായി കരുത്തുകാട്ടിയത്. 113 റണ്ണുമായി ഷോൺ ക്രീസിലുണ്ട്. ആദ്യ മത്സരത്തിൽ ചണ്ഡീഗഢിനെതിരെയും ഷോൺ സെഞ്ച്വറി(164) നേടിയിരുന്നു. കൃഷ്‌ണഗിരി സ്‌റ്റേഡിയത്തിൽ ഉത്തരാഖണ്ഡിനെതിരെയുള്ള മത്സരത്തിൽ രണ്ടാം ദിനം 16 ഓവർ മാത്രമാണ് മത്സരം നടന്നത്. രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 231 റൺസുമായി രണ്ടാം ദിനം കളിയാരംഭിച്ച കേരളം ഒന്നാം ഇന്നിങ്‌സിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ 326 റണ്ണെന്ന നിലയിൽ നിൽക്കെയാണ് മഴ കാരണം രണ്ടാം ദിനത്തിലെ കളി അവസാനിപ്പിച്ചത്. ഷോൺ റോജറിനൊപ്പം 12 റണ്ണുമായി അഹമ്മദ് ഇമ്രാനാണ് ക്രീസിൽ. 144 പന്തിൽ 14 ബൗണ്ടറിയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെയാണ് ഷോൺ 113 നേടിയത്. മത്സരത്തിന്റെ ആദ്യ ദിനത്തിലും മഴ വില്ലനായിരുന്നു.
കഴിഞ്ഞ വർഷം അണ്ടർ 19 കൂച്ച് ബിഹാർ ട്രോഫിക്കുശേഷം കൃഷ്ണഗിരിയിൽ ഈ സീസണിൽ നടക്കുന്ന ആദ്യ മത്സരമാണ് സി കെ നായിഡു ട്രോഫി. രണ്ടാം മത്സരത്തിൽ 27ന് കേരളം ഒഡിഷയെയും മൂന്നാം മത്സരത്തിൽ നവംബർ 15ന് കേരളം തമിഴ്‌നാടിനെ നേരിടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..