24 December Tuesday

പേര്യ ചുരം റോഡ് പ്രവൃത്തി വേഗത്തിലാക്കണം റോഡ് ഉപരോധിച്ച്‌ കർമസമിതി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024

ബോയ്‌സ്‌ ടൗണിൽ റോഡ്‌ ഉപരോധം സിപിഐ എം മാനന്തവാടി ഏരിയാ സെക്രട്ടറി പി ടി ബിജു ഉദ്ഘാടനം ചെയ്യുന്നു

 

ബോയ്‌സ് ടൗൺ
പേര്യ ചുരം റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പേര്യ ചുരം റോഡ് കർമസമിതി നേതൃത്വത്തിൽ ബോയ്സ് ടൗണിൽ റോഡ്‌ ഉപരോധിച്ചു.  തിങ്കൾ രാവിലെ 9.30ഓടെ തുടങ്ങിയ സമരം പകൽ പന്ത്രണ്ടുവരെ നീണ്ടു. ഉപരോധം ആരംഭിച്ചതോടെ റോഡിന്റെ ഇരുഭാഗങ്ങളിലും വാഹനങ്ങൾ നിരന്നു. ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ചുരം റോഡ്‌ പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ നാട്ടുകാർ കർമസമിതി രൂപീകരിച്ച്‌ പ്രക്ഷോഭത്തിലേക്ക്‌ നീങ്ങിയത്‌. റോഡിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന്  കഴിഞ്ഞ ജൂലൈ 30 മുതൽ ഗതാഗത നിരോധനമാണ്‌. കണ്ണൂർ കലക്ടറാണ്‌  ചുരത്തിലെ ഗതാഗതം നിരോധിച്ച് ഉത്തരവ് ഇറക്കിയത്‌. പിന്നീട്‌ റോഡ്‌ പുനർനിർമാണം ആരംഭിച്ചെങ്കിലും വേണ്ടത്ര വേഗമില്ലെന്ന്‌ ആക്ഷേപം ഉയർന്നു. പുനർനിർമാണ പ്രവൃത്തിക്കിടെ മണ്ണിടിഞ്ഞ് ചെറുവത്ത് പീറ്റർ എന്ന തൊഴിലാളി മരിക്കുകയും മറ്റു രണ്ട് തൊഴിലാളികൾക്ക് പരിക്കേൽക്കുകയുംചെയ്‌തു. പാൽചുരം വഴിയാണ്‌ ഇപ്പോൾ വാഹനങ്ങൾ പോകുന്നത്‌. വാഹനങ്ങളുടെ ബാഹുല്യത്തിൽ ഇതിലൂടെയുള്ള യാത്ര ദുർഘടമാണ്‌. 
പേര്യ ചുരം റോഡ് അടച്ചതോടെ വിദ്യാർഥികൾ, കർഷകർ, തൊഴിലാളികൾ,  വ്യാപാരികൾ എന്നിവരുൾപ്പെടെയുള്ള മുഴുവനാളുകളും പ്രതിസന്ധിയിലാണ്‌.  
ഉപരോധം നീണ്ടതോടെ പൊലീസ്‌ കർമസമിതി ഭാരവാഹികളുമായി ചർച്ച നടത്തി. 10.30ഓടെ ഉപരോധം അവസാനിപ്പിച്ച്‌, പകൽ 12വരെ ബോയ്‌സ് ടൗണിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.
ഉപരോധം സിപിഐ എം മാനന്തവാടി ഏരിയാ സെക്രട്ടറി പി ടി ബിജു ഉദ്ഘാടനംചെയ്തു. തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ് അധ്യക്ഷയായി. പി കെ ജയലക്ഷ്മി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാറയ്ക്കൽ ജോസ്,  അസീസ് വാളാട്, സൽമ മോയിൻ, ബാബു ഷജിൽകുമാർ, റഫീഖ് കൈപ്പാണി, ടി കെ പുഷ്പൻ എന്നിവർ സംസാരിച്ചു. സമരസമിതി കൺവീനർ സി ടി പ്രേംജിത്ത് സ്വാഗതവും ടി കെ അയ്യപ്പൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top