ബത്തേരി
ഉരുളൊഴുക്കിൽ ചിന്നിച്ചിതറിയ മൃതദേഹങ്ങൾ പരിപാലിച്ച കൈകളുടെ ഉത്തരവാദിത്വങ്ങൾക്ക് ഒടുക്കമില്ല. കൂടെ ജീവിക്കുന്ന മനുഷ്യർക്കായി ഏത് പ്രതിസന്ധിയിലും ഒപ്പമുണ്ടാകുമെന്ന ഉറപ്പിൽ സി സീനത്ത് സിപിഐ എമ്മിന്റെ ജില്ലാ സമ്മേളനത്തിലുണ്ട്. ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഉറ്റവരും നാട്ടുകാരുമെല്ലാം നഷ്ടമായിട്ടും പതറാതെ മോർച്ചറിയിൽ സേവനംനൽകിയ ചൂരൽമല ലോക്കൽ കമ്മിറ്റി അംഗം ജില്ലാ സമ്മേളന പ്രതിനിധിയാണ്.
ഒന്നാമത്തെ ഉരുൾപൊട്ടൽ മുതൽ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ സീനത്ത് പകൽ 12 മുതൽ മോർച്ചറിയിലെ സേവനം ഏറ്റെടുക്കുകയായിരുന്നു. കുടുംബാംഗങ്ങൾപോലും കാണാൻ ഭയന്ന നിരവധി മൃതദേഹങ്ങൾ
ജീവിതത്തിൽ ആദ്യമായി പോസ്റ്റുമോർട്ടം മുറിയിൽ കയറിയ സീനത്താണ് തിരിച്ചറിഞ്ഞത്. അഴുകിയ മൃതദേഹങ്ങളുടെയും ശരീര ഭാഗങ്ങളുടെയും ഇൻക്വസ്റ്റിനും പോസ്റ്റുമോർട്ടത്തിനും തുടർച്ചയായി 11 ദിവസം മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒരുക്കിയ മോർച്ചറിയിൽ കഴിഞ്ഞു.
അപകടദിവസം രാവിലെ മുതൽ മൃതദേഹം കൂട്ടമായി എത്തിയതോടെ പൊലീസ് ചൂരൽമലയിലെയും മുണ്ടക്കൈയിലെയും മുൻ വാർഡ് അംഗങ്ങളായ സീനത്തിന്റെയും ഷൈജാ ബേബിയുടെയും സഹായം തേടുകയായിരുന്നു. തലയില്ലാത്തതും ശരീരഭാഗങ്ങൾ മാത്രമുള്ളതുമായ മൃതദേഹങ്ങളിൽ ഭൂരിപക്ഷവും നാടിനെ അത്രമേൽ അറിയുന്ന സുഹൃത്തുക്കൾ തിരിച്ചറിഞ്ഞു. ആശാപ്രവർത്തക കൂടിയായ ഷൈജക്ക് മോർച്ചറിയിലെ സന്നദ്ധസേവനത്തിന് സാമൂഹ്യ സേവന വിഭാഗത്തിൽ കേരളശ്രീ പുരസ്‌കാരവും ലഭിച്ചും.
‘രാത്രി പത്തരക്ക് ഫോണിൽ വിശേഷങ്ങൾ പങ്കുവച്ചവരടക്കം മണിക്കൂറുകൾക്കുള്ളിൽ മണ്ണിനടിയിലാവുകയായിരുന്നു. ആത്മബന്ധമുള്ളവരുടെ മരവിച്ച ശരീരം കൂട്ടമായി കണ്ടപ്പോൾ വിങ്ങിപ്പോയിട്ടുണ്ട്. പക്ഷേ പിടിച്ചുനിന്നു. നമ്മൾ തളർന്നാൽ നമ്മുടെ മനുഷ്യർക്ക് പിന്നാരുണ്ട്–-സീനത്തിന് പറയാനുള്ളത് ഇത്രമാത്രമാണ്. താമരശേരിയിലെ മുസ്ലിംലീഗ് അനുഭാവികളായ കുടുംബത്തിൽനിന്നും 22 വർഷം മുമ്പാണ് അസൈനാറിനെ വിവാഹംചെയ്‌ത് സീനത്ത് ചൂരൽമലയിൽ എത്തിയത്. കുടുംബശ്രീ പ്രവർത്തനത്തിലൂടെ പൊതുരംഗത്തെത്തി. 2018ൽ സിപിഐ എം അംഗമായി. പ്രതിനിധിയാകുന്ന രണ്ടാമത് ജില്ലാ സമ്മേളനമാണിത്. ചൂരൽമലയിൽനിന്ന് ലോക്കൽ സെക്രട്ടറി കെ വി ബൈജുവും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..