ബത്തേരി
സംഘപരിവാർ ഭരണത്തിൽ മൃഗീയത മനുഷ്യഭാവമാക്കുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. സിപിഐ എം വയനാട് ജില്ലാ സമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ആർഎസ്‌എസിന്റെ തീവ്ര വർഗീയതയെ മുറിച്ചുകടക്കൽ അതിപ്രധാനമാണ്. ഇതിനുള്ള ശ്രമങ്ങളാണ് സിപിഐ എം നടത്തുന്നത്. ഒരുപള്ളിയിൽ നിന്ന് തുടങ്ങി മൂന്നിലെത്തി മുപ്പതെണ്ണത്തെക്കുറിച്ച് പറഞ്ഞ് മുപ്പതിനായിരം പള്ളി പൊളിക്കുന്ന അജൻഡയുമായി സംഘപരിവാറിന് മുന്നോട്ടുപോകാൻ കഴിയുന്ന വിധത്തിൽ നാടിനെ തകർക്കുന്നു.
ഒരുതരത്തിലുള്ള സാമൂഹ്യ മുന്നേറ്റവും ഇന്ത്യയിൽ ഉണ്ടാകുന്നില്ല. ലോകത്തെ ഭരണാധികാരികളിൽ തീവ്രവലതുപക്ഷക്കാരന്റെ പട്ടികയിലാണ് നരേന്ദ്രമോദിയുടെ സ്ഥാനം.
വിദ്വേഷ രാഷ്‌ട്രീയത്തിന്റെ തീവ്രത വർധിപ്പിക്കുകയാണ്. ഒരുതരത്തിലുള്ള ചർച്ചയും പാർലമെന്റിൽ നടക്കുന്നില്ല. മൂന്നാമതും അധികാരത്തിലെത്തിയ മോദി സർക്കാരിന്റെ പ്രഥമ പരിഗണന വഖഫ് നിയമം ഭേദഗതിചെയ്യുന്നതിലാണ്. മുസ്ലിം വിരുദ്ധതയാണ് ഇതിന് പിന്നിൽ. അടുത്തത് ഒരു രാഷ്‌ട്രം ഒരു തെരഞ്ഞെടുപ്പായി. ഇതിന് ഭരണഘടന ഭേദഗതിചെയ്യണം. അതിനുള്ള ഭൂരിപക്ഷം പാർലമെന്റിൽ ബിജെപിക്കില്ല. ഭരണ വൈകല്യങ്ങൾ ചർച്ചചെയ്യപ്പെടാതിരിക്കാനായി ഇത്തരം നിയമങ്ങൾക്ക് മുൻഗണനകൊടുക്കുന്നു.
രാജ്യത്തെ വടക്ക്–- കിഴക്കൻ മേഖല പിടിക്കാനുള്ള ആർഎസ്‌എസിന്റെ മാസ്‌റ്റർ പ്ലാനാണ് മണിപ്പുരിൽ. ആദിവാസികളെവരെ വർഗീയവൽക്കരിച്ചു. വർഗീയ ഏകീകരണം കേരളത്തിലും നടത്തുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വർഗീയവാദികളെയെല്ലാം യുഡിഎഫ് കൂട്ടിയോജിപ്പിച്ചു. തീവ്ര ഹിന്ദുത്വ വർഗീയതക്കൊപ്പം ന്യൂനപക്ഷ വർഗീയത കൂട്ടിച്ചേർത്ത് ഓരോ കേരളീയ കുടുംബത്തെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് പ്രതിലോമ ചേരി നടത്തുന്നത്. ഇടതുപക്ഷത്തെ തോൽപ്പിക്കാനുള്ള വഴിയായാണ് ഇതുകാണുന്നത്. രാഹുൽഗാന്ധിയും പ്രിയങ്കയും വയനാട്ടിൽ വിജയിച്ചത് ജമാ അത്തെ ഇസ്ലാമിയും എസ്‌ഡിപിഐയും ഉപ്പെടുന്ന മുസ്ലിം വർഗീയവാദികളുടെകൂടി പിന്തുണയിലാണ്. കോൺഗ്രസിന്റെ കേന്ദ്രനേതൃത്വം ന്യൂനപക്ഷവർഗീതയതയുടെ ഏറ്റവും മോശപ്പെട്ട ശക്തികളെവരെ കൂട്ടുപിടിച്ചു. കേരളത്തിന്റെ പുരോഗമന അടിത്തറ തകർക്കുകയെന്ന രാഷ്‌ട്രീയത്തിന് നേതൃത്വം നൽകുകയാണ്. സംഘപരിവാറിനെ ഉള്ളിലൂടെ പരിലാളിക്കുന്നു. ആധികാരം കിട്ടാൻ ഏത് വർഗീയതയുമായും സന്ധിചെയ്യുമെന്നാണ് കോൺഗ്രസ് നേതൃത്വം തെളിയിക്കുന്നത്. ഇതിന് കേരളത്തിലെ മാധ്യമങ്ങളെ ഉപയോഗിച്ച് കമ്യൂണിസ്‌റ്റ് പാർടിക്കെതിരെ കളവ് പ്രചരിപ്പിക്കുകയാണെന്നും വിജയരാഘവൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..